ഈ ലേഖയില്‍‍ തിരയുക

കോതമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ചെന്നവരെ പ്രാര്‍ത്ഥനായജ്ഞക്കാര്‍ മര്‍ദ്ദിച്ച്‌ കള്ളക്കേകേസില്‍ കുടുക്കി

പിറവം: കോതമംഗലം മര്‍തോമന്‍ ചെറിയപള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ചെന്ന പിറവത്തുകാരായ അപ്പനും മകനും ബന്ധുവുമടക്കമുള്ളവരെ 2008 ഡി 16നു് പ്രാര്‍ത്ഥനായജ്ഞം നടത്തിക്കൊണ്ടിരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വളഞ്ഞുവച്ച്‌ മര്‍ദ്ദിക്കുകയും, പിന്നീട്‌ പോലീസിലേല്‌പിച്ച്‌ കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തതായി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അവര്‍ പരാതി നല്‍കി. പിറവം കൊമ്പനാല്‍ വര്‍ഗീസ്‌ (60), മകന്‍ ജിജോ (25) ബന്ധു സിജോ മലയില്‍ (24) പ്ലാക്കാട്ടുകുഴിയില്‍ സാബു (26) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. 

അവശനിലയിലായ നാല്‌ പേരും പിറവം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവം സംബന്ധിച്ച്‌ ഇവര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി 17-നു് പരാതി നല്‍കി. 

ലോറിയ്‌ക്ക്‌ വായ്‌പ എടുക്കാന്‍ കോതമംഗലത്തെ സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തില്‍ പോയ തങ്ങള്‍ യാദൃച്ഛികമായാണ്‌ പള്ളിയില്‍ പ്രാര്‍ത്ഥനക്ക്‌ പോയതെന്ന്‌ അവര്‍ പറഞ്ഞു. 

തിരി കത്തിച്ച്‌ പ്രാര്‍ത്ഥിച്ചു മടങ്ങുന്നതിനിടെ ഒരു സംഘമാളുകളെത്തി ചോദ്യം ചെയ്‌ത്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ അവര്‍ പറഞ്ഞു. . ചെറിയ പള്ളിയില്‍ നടന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി

സഭയുടെ പ്രാര്‍ത്ഥനായജ്ഞം അലങ്കോലപ്പെടുത്താന്‍ എത്തിയ ഓര്‍ത്തഡോക്‌സ്‌  സഭക്കാരാണെന്ന്‌ ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന്‌ അവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ്‌ അവശരായ തങ്ങളെ പുരോഹിതരെത്തി രക്ഷിച്ച്‌ ഒരു മുറിയിലേയ്‌ക്ക്‌ മാറ്റിയെങ്കിലും പിന്നീട്‌ പോലീസിലേല്‌പിക്കുകയായിരുന്നു. 

സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തിന്റെ ഉടമ പോലീസുമായി ബന്ധപ്പെട്ട്‌ സത്യാവസ്ഥ അറിയിച്ചെങ്കിലും കേസെടുത്തശേഷമാണ്‌ ജാമ്യത്തില്‍ വിട്ടത്‌. തങ്ങളുടെ കാറില്‍ നിന്നും കമ്പിവടിയും മറ്റും കണ്ടെടുത്തുവെന്ന്‌ പറയുന്നത്‌ ആസൂത്രിതമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. 

അന്ത്യോക്യന്‍ പക്ഷം അക്രമം അഴിച്ചുവിടുന്നു - നിയുക്ത കാതോലിക്ക

പിറവം, 2008 ഡി 15: മലങ്കരയിലെ പള്ളികള്‍ സംബന്ധിച്ച കേസുകളില്‍ കോടതിവിധി തങ്ങള്‍ക്ക്‌ എതിരാവുകയോ എതിരാകുമെന്ന്‌ ധാരണയുണ്ടാകുകയോ ചെയ്‌താല്‍ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷം അക്രമം അഴിച്ചുവിടുന്നത്‌ പതിവായിരിക്കുകയാണെന്ന്‌ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ പറഞ്ഞു. പാമ്പാക്കുടയില്‍ കരോള്‍ സംഘത്തിനു നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പിറവം വലിയ പള്ളിത്താഴത്ത്‌ കൂടിയ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു നിയുക്ത ബാവ. 

അക്രമംകൊണ്ട്‌ സഭ തളരുകയില്ലെന്നും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ സഭ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

സഭാപരമായി യാതൊരു തര്‍ക്കമോ, പ്രശ്‌നങ്ങളോ നിലവിലില്ലാത്ത പാമ്പാക്കുടയില്‍ വന്ന്‌ കരോള്‍ സംഘത്തെ മര്‍ദ്ദിച്ചത്‌ ക്രൈസ്‌തവ പാരമ്പര്യത്തിന്‌ നിരക്കുന്നതല്ലെന്ന്‌ ബാവ ചൂണ്ടിക്കാട്ടി. യാതൊരു പ്രകോപനവുമില്ലാതെ കരോള്‍സംഘത്തെ റോഡിലൂടെ വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചവരെ ഉടനടി അറസ്റ്റ്‌ ചെയ്യണമെന്നും അല്ലാത്തപക്ഷം ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാന്മാരടങ്ങുന്ന സംഘം രാമമംഗലം പോലീസ്‌സ്റ്റേഷനു മുന്നില്‍ ഉപവാസപ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. യോഗത്തില്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. സുധാദേവി, ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ജോര്‍ജ്‌ കുട്ടിപോള്‍, എ.പി. ജോര്‍ജ്‌, ജിനു സി. ചാണ്ടി, ബേബി കുന്നുമ്മേല്‍ തുടങ്ങിയവരും ഒട്ടേറെ വിശ്വാസികളും പങ്കെടുത്തു.

പാമ്പാക്കുടയില്‍ കരോള്‍ സംഘത്തിന്‌ നേരെ ആക്രമണം

പിറവം: 2008 ഡി 14 ഞായറാഴ്‌ച രാത്രി പന്ത്രണ്ടരയോടെപാമ്പാക്കുടയില്‍ ഓര്‍ത്തഡോക്‌സ്‌ കരോള്‍ സംഘത്തിനുനേരെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പാമ്പാക്കുട കുന്നുംപുറത്ത്‌ ജോമോന്‍ (27), കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. ജോബി കെ. ജോര്‍ജ്‌, കിഴക്കേ വേലിക്കകത്ത്‌, പാമ്പാക്കുട, ലിജോ കെ. ജോസ്‌, കണ്ടത്തില്‍ പുത്തന്‍പുരയില്‍ പാമ്പാക്കുട എന്നിവരാണ്‌ കോലഞ്ചേരിയില്‍ ചികിത്സയിലുള്ള മറ്റ്‌ രണ്ടുപേര്‍. 

സംഭവത്തില്‍ പ്രതിഷേധിച്ച്‌ പാമ്പാക്കുടയില്‍ ഹര്‍ത്താല്‍ നടത്തി. 

ഡി 14 ഞായറാഴ്‌ച രാത്രി പന്ത്രണ്ടരയോടെ കരോള്‍ കഴിഞ്ഞ്‌ പാമ്പാക്കുട വലിയ പള്ളിയില്‍ തിരിച്ചെത്തിയ കുട്ടികളും യുവാക്കളുമടങ്ങുന്ന സംഘം മടങ്ങിപ്പോകുന്നതിനിടയില്‍ പള്ളിത്താഴത്തുള്ള ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ (മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെ സപ്‌തതിയാഘോഷങ്ങള്‍ക്ക്‌ മുന്നോടിയായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍) മറ്റൊരുകൂട്ടര്‍ നശിപ്പിക്കുന്നതിനെ ചോദ്യംചെയ്‌തതിനെത്തുടര്‍ന്നാണ്‌ ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്‌. പിറവം, മാമ്മലശ്ശേരി ഭാഗങ്ങളില്‍നിന്നും ചുവന്ന ഓമ്‌നി വാനിലും ബൈക്കുകളിലുമായെത്തിയ മറുഭാഗക്കാരാണ്‌ കരോള്‍സംഘത്തെ ആക്രമിച്ചതെന്ന്‌ സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ പറഞ്ഞു. മുത്തുക്കുടയുടെ കാലുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും അദ്ദേഹം പറഞ്ഞു. 

ഞായറാഴ്‌ച രാവിലെയും രാത്രിയുമായി മാമ്മലശ്ശേരിയിലുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ്‌ പാമ്പാക്കുടയില്‍ അക്രമമുണ്ടായതെന്ന്‌ കരുതുന്നതായി എസ്‌.ഐ. പി.എ. ഷെരീഫ്‌പറഞ്ഞു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 25 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എസ്‌.ഐ. പറഞ്ഞു. 

 

സഭാ തര്‍ക്കം: മാമ്മലശ്ശേരി പള്ളിയില്‍ സംഘട്ടനം 5 ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍‍ക്കു് പരിക്ക്‌

 

പിറവം: കൈലേലി ചാപ്പലില്‍ നിന്നും വന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ 2008 ഡി 14 ഞായറാഴ്‌ച രാവിലെ കുര്‍ബാന കഴിഞ്ഞ സമയത്തു് മാമ്മലശ്ശേരി മാര്‍ മിഖായേല്‍  പള്ളിയുടെ മുറ്റത്ത്‌ നടത്തിയ അക്രമത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങളായ അഞ്ചുപേരെ രാമമംഗലം ഗവ. ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു . അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 25ന്‌ മാമ്മലശ്ശേരി കാവുങ്കടയില്‍ നടത്തുന്ന ക്രിസ്‌മസ്‌നൈറ്റ്‌ പരിപാടിയുടെ നോട്ടീസ്‌ ബലമായി വിതരണത്തിനു കൈലേലി ചാപ്പലില്‍ നിന്നും വന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ശ്രമിച്ചതാണു് സംഭവത്തിന്റെ തുടക്കം.

 

കൈലേലി ചാപ്പലില്‍ നിന്നും കുര്‍ബാന കഴിഞ്ഞെത്തിയ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ നോട്ടീസ്‌ നിര്‍ബന്ധിച്ച്‌ വായിപ്പിക്കാന്‍ ശ്രമിച്ച്‌ മനഃപൂര്‍വ്വം കുഴപ്പമുണ്ടാക്കുകയാണുണ്ടായതെന്ന്‌ വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ പറഞ്ഞു.  

 

ഓര്‍ത്തഡോക്‌സ്‌ സഭക്കാരായ പി.പി.ബൈജു പെരിയപ്ലാക്കില്‍ മാമ്മലശ്ശേരി, സാജു .കെ.പീറ്റര്‍ കപ്യാരട്ടേല്‍, ടി.സി.ബാബു തെങ്ങുംതോട്ടത്തില്‍, ജോബിപോള്‍ കൊച്ചാങ്കുടിയില്‍, ടി.ടി.രാജു താമരശ്ശേരില്‍ എന്നിവരാണ്‌ പരിക്കേറ്റു് ആശുപത്രിയിലുള്ളത്‌. കൈലേലി ചാപ്പലില്‍ നിന്നും വന്ന 6 അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും പള്ളിമുറ്റത്ത്‌ നടന്ന സംഘട്ടനത്തില്‍ പരിക്കേറ്റെന്നു് അവകാശപ്പെട്ടു് ആശുപത്രിയിലായി.

 

സംഘട്ടനവിവരമറിഞ്ഞ്‌ രാമമംഗലം എസ്‌.ഐ പി.എ.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ്‌ പള്ളിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കി. അതിനിടെ മൂവാറ്റുപുഴ ഡി വൈ എസ്‌ പി എന്‍.സുധീഷ്‌, സി.ഐ.ബിജു കെ.സ്റ്റീഫന്‍, പിറവം എസ്‌.ഐ പി.കെ.ജോണ്‍, പുത്തന്‍കുരിശ്‌ എസ്‌ ഐ വി.ടി.ഷാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ്‌ സംഘം പള്ളിയിലെത്തി.  ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു. 

 

അന്നു് (ഞായറാഴ്‌ച) രാത്രി എട്ടരമണിയോടെ വിജന സ്ഥലത്തു് കാര്‍ തടഞ്ഞ്‌ തന്നെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞുവെന്നും കാര്‍ അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തുവെന്നും പറഞ്ഞു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ അധീനതയിലുള്ള കൈലേലി ചാപ്പല്‍ വികാരി ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വിവരമറിഞ്ഞ്‌ രാമമംഗലം എസ്‌.ഐ പി.എ.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി. സംഭവസ്ഥലം വിജനമായിരുന്നുവെന്നും പുല്ല്യാട്ടേലിന്റെ പച്ച മാരുതി കാര്‍ പിന്നിലെ ചില്ല്‌ തകര്‍ത്ത നിലയില്‍ റോഡരികില്‍ കാണപ്പെട്ടുവെന്നും രാമമംഗലം എസ്‌.ഐ   പറഞ്ഞു 

 

മൂന്ന്‌പതിറ്റാണ്ടിലേറെയായി കോടതി നിയോഗിച്ച റിസീവറാണ്‌ മാമ്മലശ്ശേരി മാര്‍ മിഖായേല്‍  പള്ളിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്‌. കുര്‍ബാനയര്‍‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നതു് ഓര്‍ത്തഡോക്‌സ്‌ സഭയിലെപ്രമുഖ വൈദീകന്‍ കൂടിയായ വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയാണു് .

തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നം: ഇടതു സര്‍ക്കാര്‍ പക്ഷഭേദം കാണിക്കുന്നു- പൗലോസ്‌ മാര്‍ മിലിത്തിയോസ്‌

പെരുമ്പാവൂര്‍, 2008 ഡി 5: ആലുവ തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നത്തില്‍ ഇടതുസര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ  നിയുക്ത കാതോലിക്കയും അങ്കമാലി ഭദ്രാസനാധിപനുമായ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. പെരുമ്പാവൂരില്‍ മലങ്കര വര്‍ഗീസ്‌ അനുസ്‌മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധികളും സ്റ്റാറ്റസ്‌കോയും കാറ്റില്‍പ്പറത്തി അന്ത്യോക്യന്‍  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷത്തെ  പ്രീണിപ്പിക്കുന്ന നടപടിയാണ്‌ സര്‍ക്കാര്‍ ചെയ്‌തതെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാരും ഇത്രപക്ഷപാതപരമായി പെരുമാറിയിട്ടില്ല. 

മലങ്കരസഭയില്‍ കക്ഷിഭിന്നതകള്‍ ഉണ്ടാകുന്നതിനുമുമ്പേ സ്ഥാപിച്ചതാണ്‌ തൃക്കുന്നത്ത്‌ സെമിനാരിയും പള്ളിയും. ഇത്‌ മലങ്കര സഭയുടെ പൊതുസ്വത്താണ്‌. കക്ഷിഭിന്നതകള്‍ നിലനില്‍ക്കേ 2005ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജില്ലാ കളക്ടര്‍, പോലീസ്‌ സൂപ്രണ്ട്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുകക്ഷികളും ചേര്‍ന്ന്‌ ഒപ്പുവെച്ച തീരുമാനങ്ങള്‍ക്കനുസരിച്ചാണ്‌ ആലുവയില്‍ കാര്യങ്ങള്‍ നടന്നുവന്നിരുന്നത്‌. ഇതുപ്രകാരം വൈദികരെ കൂടാതെ ഭക്തജനങ്ങള്‍ക്ക്‌ പ്രാര്‍ഥിക്കാന്‍ അവസരം നല്‍കിയിരുന്നു. 

എന്നാല്‍, 2007 ജനവരി 25ന്‌ അന്ത്യോക്യന്‍  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം കാതോലിക്കായ്‌ക്കും മറ്റ്‌ വൈദികര്‍ക്കും അവിടെ പ്രവേശിക്കുവാന്‍ ജില്ലാകളക്ടര്‍ അവസരം ഉണ്ടാക്കി കൊടുത്തു. 2008ല്‍ ഈ കടന്നുകയറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ അധികൃതര്‍ക്ക്‌ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2008 ജനവരി 24ന്‌ ആരാധനക്കെത്തിയ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളെ പോലീസ്‌ തടഞ്ഞു. അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ മേല്‍പ്പട്ടക്കാര്‍ക്ക്‌ പ്രവേശനം അനുവദിക്കുകയും ചെയ്‌തു.


 കടുത്ത അനീതിയാണ്‌ ഓര്‍ത്തഡോക്‌സ്‌സഭ നേരിടേണ്ടിവന്നത്‌. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഇരു കക്ഷികളും ചേര്‍ന്ന്‌ ഒപ്പുവെച്ച തീരുമാനം അടിയന്തരമായി പുനഃസ്ഥാപിച്ചു കിട്ടുകയാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആവശ്യം-അദ്ദേഹം പറഞ്ഞു.

സഭ പുലര്‍ത്തുന്നത്‌ ദേശീയ കാഴ്‌ചപ്പാട്‌ - ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌

പിറവം, 2008 ഡി 1 : മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ തീര്‍ത്തും ദേശീയമായ കാഴ്‌ചപ്പാടാണ്‌ വച്ചുപുലര്‍ത്തുന്നതെന്നും മാറിയ സാഹചര്യത്തില്‍ സഭാവിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനാധ്യക്ഷന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. മുളക്കുളം കര്‍മ്മേല്‍ക്കുന്ന്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ ആദ്യമായി നടന്ന കുടുംബസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 

കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. മാത്യു പന്തലാനിക്കല്‍ കുടുംബ നവീകരണ ക്ലാസ്‌ നടത്തി.

 

ഇടവകയിലെ 80 വയസ്സ്‌ പിന്നിട്ട അംഗങ്ങളെയും ഫാ. ജോസ്‌ തോമസ്‌, സി. എലിസബത്ത്‌ എന്നിവരെയും അനുമോദിച്ചു. ഇടവകയിലെ മാതൃകാദമ്പതിമാരെ കണ്ടെത്താനായി നടത്തിയ പ്രത്യേക പരിപാടിക്ക്‌ വിജയകുമാര്‍ കൂത്താട്ടുകുളം നേതൃത്വം നല്‍കി. . യോഗത്തില്‍ വികാരി പി.യു. കുര്യാക്കോസ്‌ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായി.

 

ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളെ ഭയപ്പെടുത്താന്‍ കുരിശ്ശടിയുടെ ചില്ല്‌ പൊട്ടിച്ചു

പിറവം, ഡി 9 : നെച്ചൂര്‍ സെന്റ്‌ തോമസ്‌ പള്ളിയോട്‌ ചേര്‍ന്നുള്ള കാതോലിക്കേറ്റ്‌ സെന്ററിന്റെ കുരിശ്ശടിയുടെ ചില്ല്‌ തകര്‍ത്തത്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളെ ഭയപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്ന്‌ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത  ആരോപിച്ചു. നെച്ചൂരില്‍ കഴിഞ്ഞ 2008 ഡി 6 ശനിയാഴ്‌ച രാത്രിയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാതോലിക്കേറ്റ്‌ സെന്ററില്‍ വിശ്വാസികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെ സപ്‌തതിയാഘോഷങ്ങള്‍ക്ക്‌ മുന്നോടിയായി നെച്ചൂരില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡും എടുത്തുകൊണ്ടുപോയി. നെച്ചൂര്‍ പള്ളിയുമായി ബന്ധപ്പെട്ട കേസുമായി സക്രിയമായി മുന്നോട്ടുപോകുന്ന വിശ്വാസികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കമാണ്‌ നടത്തുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

 

വികാരി ഫാ. ജോസഫ്‌ മങ്കിടി, ഫാ. ഏലിയാസ്‌ ചെറുകാട്‌ എന്നിവരും പ്രസംഗിച്ചു. വന്‍ പോലീസ്‌ സംഘം നെച്ചൂര്‍ പള്ളിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്‌. 

2008 നവംബര്‍ 16 -ആം തീയതി ഞായറാഴ്ച കോട്ടയം ബസ്സേലിയോസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മഹാസ മ്മേളനത്തില്‍ പ. കാതോലിക്കാ ബാവാ നടത്തിയ ഉത്ഘാടന പ്രസംഗം


കര്‍ത്താവില്‍ നമ്മുടെ സഹോദരനും, പിന്‍ഗാമിയും അസിസ്റ്റന്റുമായ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനി, അഭിവന്ദ്യരായ സഹോദര മെത്രാപ്പോലീത്തന്മാരേ, വൈദിക ട്രസ്റ്റി കോനാട്ട് ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാര്‍, അത്മായ ട്രസ്റ്റി ശ്രീ. എം. ജി. ജോര്‍ജ് മുത്തൂറ്റ്, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ബഹുമാന്യരായ കോര്‍ എപ്പിസ്കോപ്പമാരേ, സ്നേഹമുള്ള വൈദികരേ, വി. മാര്‍ത്തോമ്മാ ശ്ളീഹായാല്‍, ക്രിസ്തു യേശുവില്‍ രക്ഷിതരും, വീടുക്കപ്പെട്ട ജനവുമായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അരുമസന്താനങ്ങളായ നമ്മുടെ വാത്സല്യ മക്കളേ!

 

ഇന്നയോളമുള്ള നമ്മുടെ ജീവിതത്തില്‍ ഇത്ര വലിയൊരു ജനാവലിയെ നാം കിട്ടില്ല. വ്യക്തിപരമായി നാം ബലഹീനനെങ്കിലും, മക്കളെ, നിങ്ങ ളുടെ മഹത്തായ ഈ ശക്തിയി ലും, വിശ്വാസ ധീരതയിലും, പ. സഭയോ ടുള്ള ഭക്തിയിലും കൂറിലും, നാം അഭിമാനം കൊള്ളുകയും, അതിശക്തനെന്ന് നമ്മെത്തന്നെ നാം എണ്ണുകയും ചെയ്യുന്നു. ക്ലേശങ്ങളും ദുരിതങ്ങളും സഹിച്ച്, നമ്മുടെ ആഹ്വാനം ശിരസ്സാ വഹിച്ച് ഇവിടെ സമ്മേളിച്ച നിങ്ങളുടെ സ്നേഹത്തിലും കൂറിലും നാം അഭിമാനം പൂണ്ടു്, ഭാഗ്യവാനെന്ന് നമ്മെക്കുറിച്ച് പറയു ന്നു; ഇത് നമ്മുടെ ഭാഗ്യമല്ല. പ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മഹാഭാഗ്യമാണ്; അതിപുരാതനമായ ഈ സഭയുടെ മഹത്വവും കിരീടവും, മക്കളേ, നിങ്ങള്‍ അല്ലാതെ മറ്റാരുമല്ല;

 

സ്വര്‍ഗ്ഗത്തിലെ ദൈവവും, മാലാഖമാരും, പരിശുദ്ധന്മാരും, ശുദ്ധിമതികളും വിശേഷാല്‍ നമ്മുടെ പിതാവായ മാര്‍ത്തോമ്മാ ശ്ളീഹായും, ഈ സഭയുടെ നിലനില്‍പ്പിനു് വേണ്ടി അക്ഷീണം അദ്ധ്വാനിച്ച അര്‍ക്കദിയാക്കോന്മാരും, മാര്‍ത്തോമ്മാമെത്രാന്മാരും, ഭാഗ്യവാന്മാരായ പ. പരുമല തിരുമേനിയും, പ. വട്ടശ്ശേരില്‍ പിതാവും, നമ്മുടെ മുന്‍ഗാമികളായി പൌരസ്ത്യ ശ്ളൈഹിക സിംഹാസനത്തെ അലങ്കരിച്ച കാതോലിക്കാമാരും, നമ്മുടെ പൂര്‍വ്വ പിതാക്കളും, മാതാക്കളും സഹോദരങ്ങളുമായ സകല വാങ്ങിപ്പോയവരും ഇപ്പോള്‍ സന്തോഷിക്കുകയാണ്.

മലങ്കര സഭയേ നീ ഭാഗ്യവതിയാകുന്നു; മാര്‍ത്തോമ്മാപൈതൃകമേ നീ ധന്യവതിയാകുന്നു; എന്തെന്നാല്‍ നിന്റെ മക്കള്‍ ധീരരും, യോഗ്യരും, വിശുദ്ധരുമാകുന്നു. കാറ്റുകള്‍ ഏറെ വീശിയിട്ടും, ഓളങ്ങള്‍ അനവധി ഉയര്‍ന്നിട്ടും, മലങ്കര സഭയേ നിന്നെ തകര്‍ക്കുവാന്‍ ആര്‍ക്കും സാധ്യമാ യില്ല; നിന്നെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും സാധ്യമല്ല; നിന്നെ ചിതറി ക്കുവാന്‍ ഒരു ശക്തിയേയും അനുവദിക്കുകയുമില്ല.

 

 വാത്സല്യ മക്കളേ,

 

വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഈ പൌരാണിക സഭ നേരിട്ടിട്ടുള്ളതു പോലെ വൈദേശിക ഭീഷണികളും, പ്രതിസന്ധികളും മറ്റൊരു സഭയും ഒരു പക്ഷേ നേരിട്ടിട്ടില്ലെന്ന് നാം കരുതുന്നു. സഭയുടെ സ്വാതന്ത്യ്രവും, തദ്ദേശ്ശീയതയും കാത്തു സൂക്ഷിക്കുവാന്‍ സ്വജീവനെ ബലി കഴിച്ച വിശ്വാസധീരരായ സഭാ മക്കളും, പിതാക്കന്മാരും അനവധിയാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ ഭാരത മണ്ണില്‍ രൂപം കൊണ്ട സ്വതന്ത്ര സഭയാണ്. യൂറോപ്പിലും അമേരിക്കയിലും ക്രിസ്തീയ സഭ രൂപം കൊള്ളുന്നതിന് എത്രയോ മുമ്പു തന്നെ ആര്‍ഷഭാരതത്തില്‍ ക്രൈസ്തവ വിശ്വാസം വിതയ്ക്കപ്പെട്ടു എന്നുള്ളത് എക്കാലവും നമുക്ക് അഭിമാനിക്കാ വുന്ന സംഗതിയാണ്. പൌരസ്ത്യ ക്രൈസ്തവ ആദ്ധ്യാത്മീക - ആരാധനാ പൈതൃകവും, ആര്‍ഷഭാരതീയ സംസ്കൃതിയും സമജ്ഞസമായി ഇതു പോലെ സമ്മേളിച്ച മറ്റൊരു ക്രൈസ്തവ സമൂഹം ഭാരതത്തിലില്ലെന്ന് ധൈര്യപൂര്‍വ്വം പറയുവാന്‍ നമുക്ക് സാധിക്കും. ചരിത്രപ്രസിദ്ധമായ 1653 - ലെ കൂനന്‍ കുരി ശു സത്യത്തിലൂടെ അരക്കിട്ടുറപ്പിച്ച സ്വാതന്ത്യ്രം ഒരു വൈദേശീക ശക്തിക്കും അടിയറവയ്ക്കുകയില്ലെന്ന് ഈ ജനാവലിയെ സാക്ഷി നിര്‍ത്തി നാം വീണ്ടും പ്രഖ്യാപിക്കുന്നു.

 

വാത്സല്യമുള്ളവരേ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചരിത്ര പരമായ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും ആത്മീകവും ഭൌതീകവുമായ പരമാധികാരം ഈ സഭയുടെ അതാതു കാലഘട്ടത്തിലെ പിതാക്കന്മാരുടെ കരങ്ങളില്‍ തന്നെയായിരുന്നു. ജാതിക്കു കര്‍ത്ത്യ വ്യ നും’, ‘അര്‍ക്കദിയാക്കോനും’, ‘മാര്‍ത്തോമ്മാ മെത്രാ നും’, ‘മലങ്കര മെത്രാ പ്പോലീത്തായും’, ‘പൌരസ്ത്യ കാതോലിക്കായുംചരി ത്ര പ ര മായ ഈ സഭയുടെ വളര്‍ച്ചയിലെ സുപ്രധാന സ്ഥാനികളായിരുന്നു. 1912 - ല്‍ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെ ടു കയും, 1934 - ല്‍ അതിശക്തമായ ഒരു ഭരണഘടന നിര്‍മ്മിക്കപ്പെട്ട് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തതു വഴി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തദ്ദേശീയ സ്വാഭാവവും, സ്വാതന്ത്യ്രവും, സ്വയംശീര്‍ഷകത്വവും തകര്‍ക്കുവാന്‍ കഴിയാത്ത കോട്ടകള്‍ പോലെയായി. ഭാരതത്തിലെ പരമോന്നത നീതിപീഠമായ ബ. സുപ്രീം കോടതിയുടെ സുപ്രസിദ്ധമായ 1995 - ലെ വിധിയിലൂടെ പൌരസ്ത്യ കാതോലിക്കേറ്റ് ആര്‍ക്കും ചോദ്യം ചെയ്യപ്പെടുവാന്‍ സാധിക്കാത്ത അധികാര കേന്ദ്രമായിത്തീര്‍ന്നു. 1934 - ലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണ ഘടന മലങ്കര സഭയിലെ എല്ലാ ഇടവക കള്‍ക്കും, എല്ലാ ദേവാലയങ്ങള്‍ക്കുമുള്ള നിയമസംഹിതയായിത്തീര്‍ന്നു. പൌരസ്ത്യ കാതോലിക്കേറ്റ് പങ്കുവയ്ക്കപ്പെടാവുന്ന അധികാരകേന്ദ്രമല്ല; അലക്സാന്ത്രിയാ യിലെ സിംഹാസനവും റോമിലെ സിംഹാസനവും അന്ത്യോഖ്യായിലെ സിംഹാസനവും ക്രൈ സ്തവസഭയിലെ മറ്റേതു പൌരാണിക സിംഹാസനവും പോലെ സ്വതന്ത്രവും വിശുദ്ധവുമായ അധികാര കേന്ദ്രമാണ് പൌ രസ്ത്യ കാതോലിക്കേറ്റ്; പൌരസ്ത്യ കാതോലിക്കായുടെ മുകളില്‍ സര്‍വ്വശക്തനായ ദൈവം തമ്പുരാനല്ലാതെ മറ്റൊരു അധികാര സ്ഥാനിയില്ല; മറ്റൊരു സ്ഥാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാതോലിക്കാ പൌരസ്ത്യ കാതോലിക്കായല്ല; പൌരസ്ത്യ കാതോ ലിക്കാ ഇവിടെ ഒന്നേയുള്ളൂ; മാര്‍ത്തോമ്മായുടെ ശ്ളൈഹിക സിംഹാസനത്തിന്റെ ഏകവും പൂര്‍ണ്ണവുമായ കാതോലിക്കാ. ദൈവേഷ്ഠത്താല്‍ ബലഹീനനായ നാം ഇപ്പോള്‍ ആ സിംഹാസനത്തിന്റെ ഒരേ യൊരവകാശിയായി പ. സഭയെ ശുശ്രൂഷിക്കുന്നു. എപ്പിസ്കോപ്പസിയും, ജനാധിപത്യവും ഇതു പോലെ സമ്മേളിക്കുന്ന ഈ സഭയെ തളര്‍ത്തുവാന്‍ ഒരു ശക്തിക്കും ഒരു നാളും സാധ്യമല്ല.

 

വാത്സല്യ മക്കളെ, മലങ്കര സഭ എക്കാലവും സമാധാനം പിന്‍തുടര്‍ന്ന സഭയാണ്; ഈ സഭ ഒരുനാളും കപട ആത്മീകതയും, അക്രമ മാര്‍ഗ്ഗവും സ്വീകരിച്ചിട്ടി ല്ല. മാനുഷീകമായ തര്‍ക്കങ്ങളും, ഭിന്നതകളും ഉടലെടുത്തപ്പോഴൊക്കെ രാഷ്ട്രത്തിന്റെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നീതി പീഠ ങ്ങളെ സമീപിക്കുകയും, നീതിപീഠങ്ങള്‍ നല്‍കിയ വിധി തീര്‍പ്പുകളെ ശിരസ്സാവഹിക്കുകയും ചെയ്തിരുന്നു. അതി മഹത്തായ ജനാധിപത്യവ്യവസ്ഥിതിയും, നിയമവാഴ്ചയും നില നില്‍ക്കുന്ന ഭാരതത്തിലെ അതി പുരാതനവും, പൂര്‍ണ്ണ സ്വാതന്ത്യ്രമുള്ളതുമായ മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നുവരെയും ബ. കോടതികളുടെ തീര്‍പ്പുകളെ ധിക്കരിച്ചിട്ടില്ല. പൂര്‍ണ്ണമായും തദ്ദേശ്ശീയമയ ഈ സഭയ്ക്ക് അതിന് കഴിയുകയുമില്ല. എന്നാല്‍ മക്ക ളേ, നിര്‍ഭാഗ്യവശാല്‍ നിയമവ്യവസ്ഥിതി നടപ്പിലാക്കുവാന്‍ ബാധ്യതയുള്ള ഭരണകൂടങ്ങള്‍ അതിന് തയ്യാറാവുന്നില്ലെ ന്നുള്ളത് ഖേദകരമായ സംഗതിയാണ്. സ്വാതന്ത്ര ഭാരതത്തിന്റെ അഖണ്ഡതയ്ക്കും കെട്ടുറപ്പിനും ഇത് ഭീഷണിയാണെന്ന് നാം കരുതുന്നു. എങ്കിലും സഭയ്ക്ക് അര്‍ഹമായ നീതി നടപ്പിലാക്കി കിട്ടും എന്ന് നാം പ്രതീക്ഷിക്കുന്നു.

 

വാത്സല്യമക്കളേ, നമ്മുടെ വാക്കുകള്‍ നാം ഉപസംഹരിക്കുകയാണ്; അച്ചടക്കത്തോടെ ഈ മഹാസമ്മേളനത്തിന്റെ പൂര്‍ണ്ണ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം സഹകരിക്കണം; സമ്മേളനാന്തരം ശാന്തമായി നിങ്ങളുടെ ദേശങ്ങളിലേക്ക് നിങ്ങള്‍ മടങ്ങണം. മലങ്കര സഭയുടെ യശസ്സിന് കോട്ടം വരുത്തുന്ന യാതൊന്നും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്; നമ്മുടെ വാര്‍ദ്ധക്യത്തിലെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമാണ്; ദൈവമുമ്പാകെയുള്ള കണ്ണുനീരോടുകൂടിയ പ്രാര്‍ത്ഥനയല്ലാതെ, മക്കളേ, നിങ്ങള്‍ക്ക് തരുവാന്‍ നമുക്ക് മറ്റൊന്നും ഇല്ല; ഇതുപോലൊരു മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഇനി നമുക്ക് സാധിക്കുമെന്ന് കരുതുന്നില്ല; നാം സന്തോഷവാനാണ്; മക്കളെ, ജീവനെക്കാള്‍ കൂടുതല്‍ പ. സഭയെ നിങ്ങള്‍ സ്നേഹിക്കണം; നമ്മുടെ പിന്‍ഗാമിയും അസിസ്റ്റന്റു മായി നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന പൌലോസ് മാര്‍ മിലിത്തിയോസ് പിതാവിന് നമുക്കെന്നതു പോലെ, പൂര്‍ണ്ണപിന്തുണ നിങ്ങള്‍ ഓരോരുത്തരും നല്‍കണം; നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരെയും, നമ്മുടെ പ്രിയപ്പെട്ട വൈദികരെയും, സന്യസ്ഥരെയും നിങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും വേണം.

 

സ്വര്‍ഗ്ഗത്തിലെ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

 

സര്‍വ്വ ശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളോടു കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ!

 

ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍‍‍‍‍

.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.