ഈ ലേഖയില്‍‍ തിരയുക

ശവസംസ്കാരം തടയാന്‍ എതിര്‍ സഭക്കാര്‍ ശ്രമിച്ചതു് മൂലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘര്‍ഷം

മാന്ദാമംഗലം (തൃശൂര്‍): ഓര്‍ത്തഡോക്സ് വിശ്വാസിയുടെ മൃതദേഹം സംസ്കരിയ്ക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടയാന്‍ ശ്രമിച്ചതു് ജനുവരി 20-നു് തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ പോലിസ് ഇടപെടലിനെത്തുടര്‍ന്നാണു് സംസ്കാരം നടത്തിയതു്. തലേ ദിവസം നിര്യാതനായ മുണ്ടശേരിയില്‍ വര്‍ക്കിയുടെ (91) സംസ്കാരം സംബന്ധിച്ചായിരുന്നു തര്‍ക്കം.

മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രവേശിയ്ക്കാനും സഭാപരമായ ചടങ്ങുകള്‍ നടത്താനും കഴിഞ്ഞ 14-നു് ഉണ്ടായ കോടതിവിധി ഓര്‍ത്തഡോക്സ് സഭക്കാര്‍ക്കു് അനുവാദം കൊടുത്തിട്ടുള്ളതാണു്. പക്ഷെ, 1995-ലെ സുപ്രീം കോടതിവിധി അംഗീകരിയ്ക്കാത്തവരുടേതായ 2002-ല്‍ സ്ഥാപിതമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നിയന്ത്രണം പിടിച്ചിരിയ്ക്കുന്നതാണു് പ്രശ്നം.

മുണ്ടശേരിയില്‍ വര്‍ക്കിയുടെ മൃതദേഹം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്ന ആവശ്യത്തില്‍ വര്‍ക്കിയുടെ മകനും ഓര്‍ത്തഡോക്സ് സഭയും ഉറച്ചു് നിന്നപ്പോള്‍ ജനുവരി 20-നു് രാവിലെ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും ചര്‍ച്ച നടത്തി പള്ളി സെമിത്തേരിയില്‍ തന്നെ അടക്കം ചെയ്യാന്‍ ധാരണയായി.
എന്നാല്‍, പള്ളിസെമിത്തേരിയില്‍ ശവക്കുഴി എടുക്കാന്‍ പ്രവേശിച്ചപ്പോള്‍‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നു്, സി.ഐ. രാമചന്ദ്രന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരിയുമായി ചര്‍ച്ച ചെയ്തു് ധാരണയുണ്ടാക്കി.
മൃതദേഹം കൊണ്ടുവന്നതോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിയിലേയ്ക്കു് തള്ളിക്കയറി ചടങ്ങിനെത്തിയവരോടു് പിരിഞ്ഞു് പോകാന്‍ ആവശ്യപ്പെട്ടു. ഇതു് ക്യാമറയില്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകരെ തീവ്രവാദികളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിയ്ക്കാന്‍ മുതിര്‍ന്നു. വൈദികരും പോലിസും ഇവരെ ഏറെ പണിപ്പെട്ടു് നിയന്ത്രിച്ചാണു് സംസ്കാരം നടത്തിയതു്.
മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെ കീഴില്‍ പെട്ടിട്ടുള്ളതാണു്.
(സഭാതര്‍ക്കത്തിലെ കക്ഷികളെന്നനിലയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അന്ത്യോക്യാ പാത്രിയാര്‍ക്കീസ് ബാവാവിഭാഗമെന്നും ഓര്‍ത്തഡോക്സ് സഭയെ പൗരസ്ത്യ കാതോലിക്കോസ് ബാവാവിഭാഗമെന്നും വിളിയ്ക്കാറുണ്ടു്. എതിര്‍ കക്ഷിയെ ഇരുകൂട്ടരും അന്യോന്യം മെത്രാന്‍ കക്ഷിയെന്നു് ആക്ഷേപിച്ചു് വിളിയ്ക്കും. യഥാര്‍‍ത്ഥ ബാവാക്കക്ഷി തങ്ങളാണെന്നു് ഇരുകൂട്ടരും അവകാശപ്പെടുന്നു. നേരത്തെ (പത്തൊമ്പതാം നൂറ്റാണ്ടില്‍‍‍) നവീകരണ മാര്‍ത്തോമ്മാ സഭക്കാരെയാണു് മെത്രാന്‍ കക്ഷിയെന്നു് വിളിച്ചിരുന്നതു്.)

അതിക്രമിച്ചു് കയറിയ വിമത മെത്രാനെ തടഞ്ഞ സഭാ മാനേജിങ് സമിതിയംഗത്തെ മര്‍ദ്ദിച്ചു

പിറവം: പിറവം വലിയ പള്ളിയില്‍ (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി) ജനുവരി 20 ഞായറാഴ്ച വൈകീട്ടു് വിലക്കുകള്‍ വകവെയ്ക്കാതെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെന്നപേരില്‍ അനധികൃതമായി പ്രവേശിയ്ക്കാന്‍ ശ്രമിച്ച വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അന്ത്യോക്യാ സത്യവിശ്വാസ സംരക്ഷണസമിതി പ്രസിഡണ്ട് ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാനെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ തടഞ്ഞതു് സംഘര്‍ഷത്തില്‍ കലാശിച്ചു. മര്‍ദനമേറ്റ ഓര്‍ത്തഡോക്സ് സഭാ മാനേജിങ് സമിതിയംഗം പിറവം തേക്കുംമൂട്ടില്‍ ടി.ടി. ജോയിയെ പിറവം ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പിറവം യാക്കോബായ യൂത്ത് അസോസിയേഷനംഗങ്ങളായ മൂന്നു്പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ പിന്നീടു് ജാമ്യത്തില്‍ പറത്തിറങ്ങി‍.
പ്രതിഷേധം

അതിക്രമ സംഭവത്തില്‍ നീതി ആവശ്യപ്പെട്ടു് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പ്രതിഷേധ ജാഥ നടത്തി. തുടര്‍‍ന്നു് പിറവം പഴയ ബസ് സ്റ്റാന്‍ഡ് കവലയില്‍ കൂടിയ പ്രതിഷേധ യോഗത്തില്‍ പിറവം വലിയപള്ളിയുടെ മേല്പട്ടക്കാരനായ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷ്യം വഹിച്ചു. അമേരിക്കന്‍ ഭദ്രാസനത്തിന്റെ സക്കറിയ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ജോണ്‍സ് എബ്രഹാം കോനാട്ട് കത്തനാര്‍,സഭാ വര്‍ക്കിങ് കമ്മിറ്റിയംഗം ഏലിയാസ് ചെറുകാടു് കത്തനാര്‍,ഈസ്റ്റ് ഭദ്രാസനചാന്‍സലര്‍ അബ്രഹാം കാരാമ്മേല്‍ കത്തനാര്‍, ജെയിംസ് മര്‍ക്കോസ് കത്തനാര്‍, മാനേജിങ് സമിതിയംഗങ്ങളായ ബോസ് എബ്രഹാം, സാജു മടക്കാലില്‍, പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. മെത്രാന്മാരുടെ ഒത്താശയോടെ ഒരു വിഭാഗം നടത്തുന്ന അക്രമങ്ങള്‍ ഇനിയും വകവെച്ചു കൊടുക്കാനാവില്ലെന്നും സഭ ഇതിനെ ശക്തമായി നേരിടുമെന്നും യോഗം മുന്നറിയിപ്പു് നല്‍കി.

തൃക്കുന്നത്തു സെമിനാരി - സമാധാനാന്തരീക്ഷം തകര്‍ക്കരുത് : ഓര്‍ത്തഡോക്സ് സഭ

നീതി നടപ്പാകണം
ദേവലോകം: ആലുവ തൃക്കുന്നത്തു് സെമിനാരിയില്‍ അതിക്രമിച്ചു്കയറി സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയോടു് മലങ്കര ഓര്‍ത്തഡോക്സ് സഭ അഭ്യര്‍ത്ഥിച്ചു. ആലുവാ തൃക്കുന്നത്തു് സെമിനാരി, ഇടവകപ്പള്ളി അല്ലെന്നും ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമാണെന്നും അതു് ഇടവക മെത്രാപ്പോലീത്തായുടെ പൂര്‍ണ അധികാരത്തിന്‍കീഴില്‍ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്നുമുള്ള കോടതിവിധി നിലനില്‍ക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അന്ത്യോക്യാ പാത്രീയര്‍ക്കീസ്‌ കക്ഷി, ഓര്‍ത്തഡോക്‌സ് സഭയ്ക്കെതിരായി നല്‍കിയ കേസിലാണു്‌, അവര്‍ക്കെതിരായ വിധി ഉണ്ടായതു്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ , മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി-കൊച്ചി-കണ്ടനാടു് ഭദ്രാസനത്തില്‍പ്പെട്ട ഒരു പള്ളിയിലും പ്രവേശിയ്ക്കരുതെന്നു് ജില്ലാ കോടതിയില്‍ നിന്നുണ്ടായ ഉത്തരവിനെതിരായി ഹൈക്കോടതിയില്‍ കൊടുത്ത അപ്പീലും തള്ളപ്പെട്ടതിനാല്‍ ഒരു പള്ളിയിലും കയറുവാന്‍ അദ്ദേഹത്തിനു് അവകാശമുള്ളതല്ല.

ഈ വിധികളുടെ പശ്‌ചാത്തലത്തില്‍, തൃക്കുന്നത്തു് സെമിനാരിയിലെ ഭരണക്രമീകരണങ്ങളെക്കുറിച്ചു് 2005-ല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ചുചേര്‍ത്തു് ഉണ്ടാക്കിയിട്ടുള്ള ധാരണയനുസരിച്ചാണു് കാര്യങ്ങള്‍ നടന്നുവന്നിരുന്നതു്‌. മുഖ്യമന്ത്രിയും ഇപ്പോഴത്തെ ജില്ലാ കലക്‌ടറും, ആലുവാ പോലീസ്‌ സൂപ്രണ്ടും ഒപ്പുവച്ചു് രേഖാമൂലം ഉണ്ടാക്കിയിട്ടുള്ള ഉടമ്പടി ലംഘിച്ചാണു് 2007-ല്‍ പെരുന്നാള്‍ ദിവസം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാന്മാര്‍ സെമിനാരിയില്‍ അതിക്രമിച്ചുകടന്നതു്.‌ ഇതില്‍ പ്രതിഷേധിച്ചാണു് ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരത്തു് പ്രതിഷേധപ്രകടനം നടത്തിയതു്‌.
കടന്നുകയറ്റം ഇനി ആവര്‍ത്തിയ്ക്കരുതെന്നു് മാത്രമാണു് ആവശ്യപ്പെടുന്നതെന്നു് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.തൃക്കുന്നത്തു് സെമിനാരിപ്രശ്നത്തില്‍ നീതി നടപ്പാക്കണമെന്നു് ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

......

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാക്കേസിലെ (1995-ലെ) സുപ്രീം കോടതിവിധി അംഗീകരിയ്ക്കാത്തവര്‍ 2002 ജൂലയ് ആറാം തീയതി സ്ഥാപിച്ചതാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് മലങ്കര യാക്കോബായ സുറിയാനി സഭയെന്നും പേരുണ്ടായിരുന്നുവെന്നതുകൊണ്ടു് തെറ്റിദ്ധാരണയ്ക്കിടയുള്ളതിനാലാണു് വിമതസഭയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പൂര്‍ണ്ണ രൂപത്തില്‍ പരാമര്‍ശിയ്ക്കുന്നതു്.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.