ഈ ലേഖയില്‍‍ തിരയുക

ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് യാത്രാമൊഴി


കോട്ടയം, ഏപ്രില്‍ 13, 2013: അഭി.ഗീവര്ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.തിരുമേനി ഏറെ സ്നേഹിച്ച ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാ ചാപ്പലിന്റെ വടക്ക് വശത്തായാണ് അഭി.തിരുമേനിയെ കബറടക്കിയിരിക്കുന്നത്.തിരുമേനിയുടെ വേര്‍പാട് സഭയ്ക്ക് തീരാനഷ്ടമാണെന്ന് പരി.ബാവ തിരുമേനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ആത്മീയ ,സാം സ്കാരിക .രാഷ്ടീയ മേഖലയിലുള്ള നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.തിരുമേനിയുടെ ദേഹവിയോഹം അറിഞ്ഞത് മുതല്‍ ആയിരക്കണക്കിനാളുകളാണ് ദയറായിലേക്ക് എത്തിച്ചേര്‍ ന്നത്.ഞായറാഴ്ച്ച ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ പ.ബാവാതിരുമേനി വി.കുര്‍ബ്ബാന അര്‍പ്പിക്കും.

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാലംചെയ്തു


കോട്ടയം, ഏപ്രില്‍ 12, 2013: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ്‌ മാര്‍ ഇവാനിയോസ്‌(72) കാലം ചെയ്‌തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. വാര്‍ക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് 12ന് രാവിലെ 7.30നായിരുന്നു അന്ത്യം. ഭൌതീക ശരീരം ഉച്ചയ്ക്കുശേഷം പാമ്പാടി ദയറായില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഏപ്രില്‍ 13 ശനിയാഴ്ച ഉച്ചയ്‌ക്ക്‌ ഒന്നിനു് ഞാലിയാകുഴി മാര്‍ ബസേലിയോസ്‌ ദയറായില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

ഓതറ കീയത്ത് കെ.ഐ. ജോര്‍ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും മൂന്നാമത്തെ മകനായി 1940 നവംബര്‍ 14ന് മധുരയില്‍ ജനിച്ചു. 1963-ല്‍ ശെമ്മാശനായി സ്ഥാനമേറ്റു. 1973-ല്‍ കശീശപട്ടം ലഭിച്ചു. കശീശപട്ടമേറ്റ ശേഷം കാരാപ്പുഴ ചാപപല്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.1979-ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ഒന്നാമന്‍ റമ്പാനായി ഉയര്‍ത്തി. 1985-ല്‍ എപ്പിസ്കോപ്പയായി പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് സ്ഥാനമേറ്റു.
1991-ലാണ് മെത്രാപ്പോലീത്തയായി സ്ഥാനമേറ്റത്. 1971 മുതല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. ഹൃദയശുദ്ധീകരണം എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.

ജീവിതരേഖ

ഓതറ കീയത്ത്‌ റെയില്‍വേ ഉദ്യോഗസ്‌ഥനായിരുന്ന ജോര്‍ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും പുത്രനായി 1940 നവംബര്‍ 14-നു മധുരയിലാണു ജനനം. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്നു ബിരുദവും, ലണ്ടന്‍ മാന്‍സ്‌ ഫീല്‍ഡ്‌ കോളേജില്‍നിന്നു ഹിബ്രൂ-സിറിയക്ക്‌ ഭാഷകളിലും ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നു വേദശാസ്‌ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും നേടി.

ലണ്ടനില്‍ കൗളിഫാദേഴ്‌സില്‍ സന്യാസപരിശീലനം നേടി. 1963-ല്‍ ശെമ്മാശപട്ടവും 1973-ല്‍ കശീശപട്ടവും ലഭിച്ചു. 1985-ല്‍ തിരുവല്ലായില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ടസ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുത്തു. 1985-ല്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ എപ്പിസ്‌ക്കോപ്പയായി വാഴിച്ചു. 1985 ഓഗസ്‌റ്റ്‌ ഒന്നിനു കോട്ടയം ഭദ്രാസനത്തിന്റെ ചുമതലയേറ്റു.

പാമ്പാടി കെ. ജി. കോളജ്‌, പാമ്പാടി ബി. എം. എം. സി.ബി. എസ്‌. ഇ സ്‌കൂള്‍, ഞാലിയാകുഴി എം. ജി. എം എന്നിവയുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഓര്‍ത്തഡോക്‌സ്‌ ചിത്രകലയായ ഐക്കണോഗ്രഫിയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്‌.

1971 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ്‌ െവെദീക സെമിനാരി അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവാ ഉള്‍പ്പടെ അനേകം മെത്രാപ്പോലീത്താമാരുടെയും െവെദീകരുടെയും ഗുരുവായിരുന്നു മാര്‍ ഈവാനിയോസ്‌. ഹൃദയശുദ്ധീകരണം, നിര്‍ലേപം, മൗനത്തിന്റെ ലാവണ്യം എന്നീഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. സഭയിലെ പ്രമുഖ ധ്യാനഗുരുവായിരുന്നു.

കെ.ജി. ഇട്ടി (റിട്ട. മാനേജര്‍, പുനലൂര്‍ പേപ്പര്‍ മില്‍സ്‌), നിര്യാതനായ ക്യാപ്‌റ്റന്‍ കെ. ജി. തോമസ്‌, കെ. ജി. ജേക്കബ്‌ ( അബുദാബി), കെ. ജി. ഏബ്രഹാം (ദോഹ), മേരി ജോസ്‌ കുര്യന്‍ (കോട്ടയം) എന്നിവര്‍ സഹോദരങ്ങളാണ്‌. വെള്ളിയാഴ്ച വൈകിട്ട്‌ നാല്‌ വരെ ഭൗതികശരീരം പാമ്പാടി ദയറായില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു വൈകിട്ട്‌ വാകത്താനത്തെ ഭദ്രാസന ആസ്‌ഥാനത്തേക്കു കൊണ്ടുപോയി. പാമ്പാടിയിലും വാകത്താനത്തുമായി ആയിരക്കണക്കിനു വിശ്വാസികള്‍ അന്തിമോപചാരമര്‍പ്പിച്ചു.ശനിയാഴ്ച ഓര്‍ത്തഡോക്‌സ്‌ സഭയുടെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

കോലഞ്ചേരി പള്ളി കേസ് മെയ്‌ 29 ലേക്ക് മാറ്റി

കൊച്ചി,ഏപ്രില്‍ 3: കോലഞ്ചേരി പള്ളി കേസ് മെയ്‌ 29 ലേക്ക് മാറ്റി

കോതമംഗലം ചെറിയ പള്ളിയുടെ വിധി നടത്തിപ്പു് ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി

കൊച്ചി,ഏപ്രില്‍ 3: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയുടെ വിധി നടത്തിപ്പു് ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. അന്ത്യോക്യന്‍ യാക്കോബായ വിഭാഗം അഭിഭാഷകര്‍ ഹാജരാകാഞ്ഞതിനാലാണ് മാറ്റിയത്.

പിറവം പള്ളി: വികാരി സ്ഥാനത്തിനടുത്ത കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഫാ. വട്ടക്കാട്ടിലിനെ തടയാനാവില്ലെന്നു് പള്ളിക്കോടതി വിധി

പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി
-കടപ്പാട്: ക്യാപ്റ്റന്‍- വിക്കിമീഡിയ കോമണ്‍സ്
കൊച്ചി, ഏപ്രില്‍ 2: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി വികാരി ഫാ. സഖറിയാ വട്ടക്കാട്ടില്‍ പള്ളിയിൽ പ്രവേശിക്കുന്നതോ വിശുദ്ധ കുര്‍ബാന നടത്തുന്നതോ വികാരി എന്ന നിലയിൽ പ്രവര്‍ത്തിക്കുന്നതോ തടയുവാൻ പാടില്ലെന്ന് പള്ളിക്കോടതി ഉത്തരവായി. ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍ പിറവം സൈന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ വികാരി ആയി പ്രവര്‍ത്തിക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടയുന്നതില്‍ നിന്നു് പോലീസ് സംരക്ഷണം നല്കണമെന്ന് അവശ്യപെട്ടു് അദ്ദേഹം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു് വിധി.

കോടതി വിധി നടപ്പാക്കണം : ഓര്‍ത്തഡോക്സ് സഭ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ പത്രമ്മേളനം


19 മാര്‍ച്ച് 2013

മലങ്കര സഭാതര്‍ക്കം അടിസ്ഥാന വസ്തുതകള്‍
യാക്കോബായ സുറിയാനി ക്രിസ്ത്യാനി നേതൃത്വം സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയും, സമുദായ രാഷ്ട്രീയ നേതാക്കളെ തെറ്റിദ്ധരിപ്പി ക്കുകയും, അക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിന്റേയും, രാഷ്ട്രീയ സമുദായിക പ്രസ്ഥാനങ്ങളുടേയും, മാധ്യമങ്ങളുടേയും മുമ്പാകെ ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു.


1. ഇന്ന് മലങ്കര സഭയില്‍ കക്ഷി വഴക്കില്ല. കാരണം 1995-ല്‍ സുപ്രീം കോടതി വിധി വരുകയും, ബഹു:സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ മലങ്കര അസ്സോസിയേഷന്‍ കൂടി സഭ യോജിക്കുകയും ചെയ്ത ശേഷം മലങ്കര സഭയില്‍ കക്ഷി വഴക്ക് അവസാനിച്ചു. എന്നാല്‍ 2002-ല്‍ മുന്‍ പാത്രയാര്‍ക്കിസ് വിഭാഗത്തിലെ ചില മെത്രാന്‍മാര്‍ ചേര്‍ന്ന് കോടതി വിധി നിരാകരിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ പുത്തന്‍കുരിശു കേന്ദ്രമാക്കി പുതിയ സഭ രജിസ്റര്‍ ചെയ്തു. കോടതിവിധി ലംഘിച്ച് മലങ്കര സഭയില്‍ നിന്ന് പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക് പഴയ സഭയുടെ പൈതൃകം, നാമം, സ്വത്തുക്കള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിയമപരമായ അവകാശം നഷ്ടപ്പെട്ടു. മലങ്കര സഭയില്‍ കക്ഷി ഭിന്നതയില്ല. മലങ്കരസഭയ്ക്കു പുറത്തുനില്‍ക്കുന്ന മറ്റൊരു സഭയാണ് ഇന്നത്തെ യാക്കോബായ ക്രിസ്ത്യാനി സഭ എന്ന കാര്യം എല്ലാവരും മനസ്സിലാക്കണം.
2. സുപ്രീം കോടതിയുടെ 1995-ലെ വിധിയ്ക്കുശേഷം ഉണ്ടായ വ്യവഹാരങ്ങളില്‍ ഒന്നില്‍പോലും പുതിയതായി രൂപം കൊണ്ട യാക്കോബായ സഭയ്ക്ക് മലങ്കര സഭയുടെ പള്ളികളിലോ സ്ഥാപനങ്ങളിലോ യാതൊരുവിധമായ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഏതെങ്കിലും വ്യവഹാരത്തില്‍ യാക്കോബായ ക്രിസ്ത്യാനിസഭയുടെ അവകാശം സ്ഥാപിച്ചു കിട്ടിയിട്ടുണ്ട് എങ്കില്‍ ആയത് നടത്തികൊടുക്കുവാന്‍ സര്‍ക്കാരിനോട് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നു.
3. കോലഞ്ചേരി പള്ളി കേസിലും, മൂവാറ്റുപുഴ അരമന പള്ളി കേസിലും, കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിക്കേസിലും, കത്തിപ്പാറ സെന്റ് ജോര്‍ജ്ജ് പള്ളി കേസിലും സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ വ്യക്തമായ കോടതി ഉത്തരവ് ഉണ്ടായി. 1995-ലെ വിധിക്കുശേഷം അവയെല്ലാം 1934-ലെ ഓര്‍ത്തഡോക്സ് സഭ ഭരണഘടനയ്ക്കു വിധേയമായിരിക്കും. അടുത്ത കാലത്തു വന്ന പിറവം പള്ളി സസംബന്ധിച്ച കേസിലും കോടതി ഇതുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
4. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു എന്നാണ് യാക്കോബായ ക്രസ്ത്യാനിസഭയുടെ സര്‍ക്കാരിനെതിരെയുള്ള ആരോപണം. ഓര്‍ത്തഡോക്സ് സഭയുടെ ആക്ഷേപവും ഇതുതന്നെയാണ്. ഇരുകൂട്ടരുടേയും ആവശ്യം പരിഗണിച്ച് കോടതി വിധികള്‍ പരിശോധിച്ച് യാതൊരു പക്ഷാനുകൂല്യവും കാണിക്കാതെ നിക്പക്ഷമായി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ നട്ടെല്ലും നീതിബോധവും പ്രകടിപ്പിക്കുകയാണ് വേണ്ടത്.
5. നീതിന്യായ കോടതി വഴി തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാതെ വന്നപ്പോള്‍ അക്രമം അഴിച്ചുവിട്ട് കോടതി വിധിപ്രകാരം ഓര്‍ത്തഡോക്സ് സഭയുടെപള്ളികള്‍ യാക്കോബായ സഭക്കാര്‍ പൂട്ടിക്കുകയാണ് ഉണ്ടായത്. കോലഞ്ചേരി, മാമലശ്ശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, ഇടുക്കി തുടങ്ങിയ പള്ളികള്‍ ഇപ്രകാരം പൂട്ടിയവയാണ്. ഇവ പൂട്ടിയ അവസ്ഥയില്‍ എന്തു സ്ഥിതിയായിരുന്നു എന്ന് രേഖകള്‍ പരിശോധിച്ച് ആ സ്ഥിതി നിലനിര്‍ത്തി പള്ളി തുറക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. നിയമപരമായി അവ നഷ്ടപ്പെട്ടപ്പോള്‍ അക്രമവും ഗുണ്ടായിസവും അഴിച്ചുവിട്ട് പള്ളി പൂട്ടിച്ചത് ആരാണ് എന്ന് അപ്പോള്‍ വ്യക്തമാകും. അധികാരികളുടെ സഹായത്തോടെ ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പള്ളി പൂട്ടല്‍. പൂട്ടിക്കാനായി അക്രമം അഴിച്ചുവിട്ടവര്‍ തന്നെ പള്ളികള്‍ തുറക്കാനായി സമരം ചെയ്യുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ് എന്നുള്ളതിന് സംശയിക്കേണ്ടതില്ലല്ലോ.
6. കോടതി വിധി അനുസരിച്ച് സഭയില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കാതെ സഭയ്ക്കു പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക് എന്ത് അവകാശം ആണ് സഭ നല്‍കേണ്ടത് എന്ന് രാഷ്ട്രീയ സമുദായിക നേതാക്കന്‍മാര്‍ നിഷ്പക്ഷമായി വിശദീകരിക്കേണ്ടതാണ്. നിങ്ങളുടെ പ്രസ്ഥാനങ്ങളില്‍ നിന്ന് പിളര്‍പ്പുണ്ടാക്കി പുറത്തുപോയി നിയമവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ വര്‍ക്ക് എന്ത് അവകാശമാണ് നിങ്ങള്‍ നല്‍കിയിട്ടുള്ളത് എന്ന് ചിന്തിക്കുക. സഭാപ്രശ്നം സംബന്ധിച്ച് അഭിപ്രായങ്ങള്‍ പൊതു സമൂഹത്തില്‍ ഉണ്ടാവുന്നത് സഭ എന്നും സ്വാഗതം ചെയ്യും. എന്നാല്‍ പ്രസ്താവനകള്‍ വസ്തുനിഷ്ഠവും നീതിപൂര്‍വ്വവും ആയിരിക്കണം എന്നു മാത്രം.
7. കേരള മന്ത്രിസഭയിലെ മന്ത്രി ശ്രീ. അനൂപ് ജേക്കബ്ബ് യാക്കോബായ ക്രസ്ത്യാനി സഭയുടെ വിശ്വസ്ഥ സഭാംഗം എന്ന കീര്‍ത്തി മുദ്ര വാങ്ങിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ നീതിപൂര്‍വ്വമല്ലാത്ത ഇടപെടലുകള്‍ പള്ളി പൂട്ടിക്കുന്നതിലേയ്ക്കും കോടതി വിധികള്‍ അട്ടിമറിക്കുന്നതിലേയ്ക്കും എത്തിയിട്ടുണ്ട് എന്നുള്ളത് നിഷേധിക്കാന്‍ പറ്റാത്ത വസ്തുതയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച മന്ത്രി വീണ്ടും പള്ളി തുറക്കുന്നതിനും സഭാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉള്ള മദ്ധ്യസ്ഥനായി അവതരിക്കുന്നത് സഭ ഒരിക്കലും അംഗീകരിക്കുകയില്ല. ബഹു: മന്ത്രി സഭാ തര്‍ക്കത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കണം.
8. പള്ളികള്‍ തോറും അക്രമം അഴിച്ചുവിടുകയും കൊലപാതകങ്ങള്‍ (ഉദാ:മലങ്കര വറുഗീസ് കൊലപാതകം) നടത്തിക്കുകയും ചെയ്ത് പൊതു ജീവിതം തകര്‍ക്കുകയും, മതസൌഹാര്‍ദ്ദവവും, നിയമവിരുദ്ധ സംഘര്‍ഷങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന യാക്കോബായ സഭയെ സര്‍ക്കാര്‍ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കാതെ നിയമവിധേയമാക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കോടതി വിധികളെ അട്ടിമറിക്കുന്ന തീവ്രവാദ മതപ്രസ്ഥാനത്തെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എങ്കില്‍ അത് ഈ നാടിന്റെ ജനാധിപത്യ വ്യവസ്ഥകളോടും, മൂല്യങ്ങളോടും സ്ഥാപനങ്ങലോടും ചെയ്യുന്ന വലിയ പാതകമായിരിക്കും. കൂടാതെ നിയമത്തിനും കോടതി വിധികള്‍ക്കും എക്കാലത്തും വില നല്‍കുന്ന ഓര്‍ത്തഡോക്സ് സഭയോട് കാണിക്കുന്ന കടുത്ത വഞ്ചനയുമായിരിക്കും.
കാതോലിക്കേറ്റ് അരമന

ഫോട്ടോ കാതോലിക്കേറ്റ് അരമന

കൂടുതല്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

കോടതി വിധി നടപ്പാക്കണമെന്നുതന്നെ ആവശ്യം: കാതോലിക്കാ ബാവാ


സ്വന്തം ലേഖകന്‍, മലയാളമനോരമ

ഫോട്ടോ കാതോലിക്കേറ്റ് അരമന
കോട്ടയം: യാക്കോബായ സഭയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കാതെ നിയമ വിധേയമാക്കുകയാണ്‌സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ. യാക്കോബായ സഭാ നേതൃത്വം സത്യവിരുദ്ധമായ പ്രസ്‌താവനകളിലൂടെ സാമുദായിക-രാഷ്‌ട്രീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നതായി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

കോലഞ്ചേരി പള്ളിക്കേസിലും മൂവാറ്റുപുഴ അരമനപ്പള്ളിക്കേസിലും കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിക്കേസിലും കത്തിപ്പാറ സെന്റ്‌ ജോര്‍ജ്‌ പള്ളിക്കേസിലും സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ വ്യക്‌തമായ കോടതി ഉത്തരവുണ്ടായി. 1995ലെ വിധിക്കുശേഷം അവയെല്ലാം 1934ലെ ഓര്‍ത്തഡോക്‌സ്‌ സഭാ ഭരണഘടനയ്‌ക്ക്‌ വിധേയമായിട്ടായിരിക്കും ഭരിക്കപ്പെടേണ്ടത്‌. അടുത്തകാലത്തുവന്ന പിറവം പള്ളിക്കേസിലും കോടതി ഇതുതന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്ന്‌ കാതോലിക്കാ ബാവാ പറഞ്ഞു.

കോടതി വിധി നടപ്പാക്കിത്തരണമെന്നാണ്‌ യാക്കോബായ സഭയും സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നതെന്നാണ്‌ മനസ്സിലാക്കുന്നത്‌. അതാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയും വര്‍ഷങ്ങളായി അഭ്യര്‍ഥിക്കുന്നത്‌. യാക്കോബായ സഭയും ഇക്കാര്യം ആവശ്യപ്പെട്ട സ്‌ഥിതിക്ക്‌ എത്രയും പെട്ടെന്ന്‌ കോടതിവിധികള്‍ നിഷ്‌പക്ഷമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീതിബോധം കാണിക്കണമെന്നും അതാണ്‌ പ്രശ്‌നത്തിന്‌ പരിഹാരമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

കോടതികള്‍ വഴി ആവശ്യം സാധിച്ചുകിട്ടാതെ വന്നപ്പോള്‍ അക്രമം അഴിച്ചുവിട്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികള്‍ യാക്കോബായ സഭക്കാര്‍ പൂട്ടിക്കുകയായിരുന്നുവെന്ന്‌ കാതോലിക്കാ ബാവാ ആരോപിച്ചു. പൂട്ടിക്കാനായി അക്രമം അഴിച്ചുവിട്ടവര്‍ തന്നെ തുറക്കാനായി സമരം ചെയ്യുന്നത്‌ ഗൂഢലക്ഷ്യത്തോടെയാണ്‌. കോടതിവിധി അനുസരിച്ച്‌ സഭയില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കാതെ പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക്‌ എന്ത്‌ അവകാശത്തിനാണ്‌ സഭയില്‍ അര്‍ഹതയെന്ന്‌ സാമുദായിക -രാഷ്‌ട്രീയ നേതാക്കള്‍ വിലയിരുത്തണമെന്ന്‌ ബാവാ പറഞ്ഞു.

മന്ത്രി അനൂപ്‌ ജേക്കബ്‌ യാക്കോബായ സഭയുടെ വിശ്വസ്‌ത സഭാംഗം എന്ന കീര്‍ത്തിമുദ്ര വാങ്ങിയ ആളാണെന്നും അദ്ദേഹത്തിന്റെ നീതിപൂര്‍വമല്ലാത്ത ഇടപെടലുകള്‍ പള്ളി പൂട്ടിക്കുന്നതിലേക്കും കോടതിവിധി അട്ടിമറിക്കുന്നതിലേക്കും എത്തിച്ചതായും സഭാ നേതൃത്വം കുറ്റപ്പെടുത്തി. ഈ മന്ത്രി വീണ്ടും സഭാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ മധ്യസ്‌ഥനായി അവതരിക്കുന്നത്‌ അംഗീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കി.

പള്ളികളില്‍ അക്രമം നടത്തുകയും കൊലപാതകങ്ങള്‍ വരെ നടത്തിക്കുകയും ചെയ്‌ത്‌ നിയമവിരുദ്ധ സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്ന യാക്കോബായ സഭയെ നിയമത്തിന്‌ വിധേയമാക്കിയില്ലെങ്കില്‍ നാടിന്റെ ജനാധിപത്യവ്യവസ്‌ഥയോട്‌ സര്‍ക്കാര്‍ ചെയ്യുന്ന വലിയ പാതകമായിരിക്കുമെന്നും സഭാ സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ്‌, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവര്‍ കുറ്റപ്പെടുത്തി.
മലയാളമനോരമ 2013 മാര്‍ച്ച് 20


മലങ്കര സഭാതര്‍ക്കം ആധ്യാത്മികതയുടെ അതിരുകള്‍ ലംഘിക്കില്ല; കോടതിവിധി നടപ്പാക്കണം: ഓര്‍ത്തഡോക്‌സ് സഭ
മാതൃഭൂമി

കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തില്‍ ആധ്യാത്മികതയുടെ അതിരുകള്‍ ലംഘിക്കില്ലെന്നും കോടതിവിധി നടപ്പാക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏകപോംവഴിയെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി ലഭിക്കാത്തതിനാല്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ദുഃഖിതരാണ്. ഭൗതികശക്തികള്‍ സഭയെ ഉപദ്രവിക്കുന്നു. യാക്കോബായസഭയുടെ ചില നിലപാടുകള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കഴിയില്ല. പള്ളികള്‍ പൂട്ടിക്കിടക്കുന്നത് ഓര്‍ത്തഡോക്‌സ് സഭയുടെ ശൈലിയല്ല. പൂട്ടിയ പള്ളികള്‍ അര്‍ഹതയുള്ളവര്‍ക്ക് തുറന്നുകൊടുക്കണം. ഒരുവിഭാഗംമാത്രം പറയുന്നതുകേട്ട് തുറന്നുകൊടുക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. തര്‍ക്കമുള്ളിടത്ത് നിയമപരമായ വഴികളിലൂടെ സമാധാനം ഉണ്ടാക്കണം-കാതോലിക്കാബാവ ആവശ്യപ്പെട്ടു.

മന്ത്രിതല സമാധാനചര്‍ച്ചകളില്‍ ഓര്‍ത്തഡോക്‌സ് സഭ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി അനൂപ് ജേക്കബിന്റെ മധ്യസ്ഥത സ്വീകാര്യമല്ല. എറണാകുളത്തെ ഭരണകൂടം അനീതിക്ക് കൂട്ടുനില്‍ക്കുന്നു. സര്‍ക്കാരില്‍നിന്ന് നീതി കിട്ടാതെവരുമ്പോള്‍ സഭ അഭിപ്രായം പറയും -ബാവ പറഞ്ഞു.

ഇരുവിഭാഗവും കോടതിവിധി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ ആരോടും ചോദിക്കാതെ സര്‍ക്കാരിന് കോടതിവിധി നടപ്പാക്കാം. ജുഡീഷ്യറിയെ ആദരിക്കുന്ന സര്‍ക്കാരിന് ഇതിനുള്ള ബാധ്യതയുണ്ട്. യാക്കോബായസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സഭാപ്രശ്‌നത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാംഗമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. എന്താണ് കാരണമെന്നറിയില്ല -കാതോലിക്കാബാവ പറഞ്ഞു.

യാക്കോബായ വിഭാഗം മറ്റു സമുദായനേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതരസമുദായങ്ങളുമായി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്ല ബന്ധമാണുള്ളത്. അക്രമമാര്‍ഗങ്ങളിലൂടെ കാര്യങ്ങള്‍ നേടാനാണ് യാക്കോബായവിഭാഗം ശ്രമിക്കുന്നതെന്നും ബാവ കുറ്റപ്പെടുത്തി.

പത്രസമ്മേളനത്തില്‍ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ്, കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, വൈദികട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം എന്നിവരും പങ്കെടുത്തു.
മാതൃഭൂമി 2013 മാര്‍ച്ച് 20



അക്രമത്തിന്റെ മാര്‍ഗം വെടിഞ്ഞാലെ സമാധാനമുണ്ടാകൂ : ഓര്‍ത്തഡോക്സ് സഭ


പാത്രിയര്‍ക്കീസ് വിഭാഗം അക്രമത്തിന്റെ യും നീതിനിഷേധത്തിന്റെയും മാര്‍ഗം ഉപേക്ഷിച്ചാല്‍ മാത്രമേ മലങ്കര സഭാതര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ എന്ന് വൈദീകട്രസ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് പ്രസ്താവിച്ചു. എല്ലാ പള്ളികളും എപ്പോഴും ആരാധയ്ക്കായി തുറന്നിരിക്കണം എന്നു തന്നെയാണ് സഭയുടെ ആവശ്യം. എന്നാല്‍ അത് അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടും നീതി നിഷേധിച്ചുകൊണ്ടും ആകരുത്. 2001-ല്‍ സ്വന്തമായി പുതിയ ഭരണഘടന അംഗീകരിച്ച് വിഘടിച്ചു പോയ. പാത്രിയര്‍ക്കീസ് വിഭാഗം ഓര്‍ത്തഡോക്സ് സഭയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലിരുന്ന മാമ്മലശേരി, വെട്ടിത്തറ മുതലായപള്ളികളില്‍ അക്രമം അഴിച്ചുവിട്ട് പള്ളികള്‍ പൂട്ടിച്ചശേഷം ഇരുവിഭാഗത്തിനും ഊഴം വച്ച് പള്ളി തുറക്കണമെന്ന വാദത്തിന് യാതൊരുന്യായികരണവുമില്ല. പള്ളികള്‍ പൂട്ടുന്നതിനു മുന്‍പുള്ള സ്റാറ്റസ്ക്കോ പുനസ്ഥാപിച്ചുകൊണ്ട് പള്ളിതുറക്കുകയാണണ് ന്യായമായി നടപ്പാക്കേണ്ടത്. പൂട്ടിക്കിടക്കുന്ന പള്ളികളെല്ലാം പാത്രിയര്‍ക്കീസ് വിഭാഗത്തിന്റതാണെന്ന നിലപാടുതന്നെ സത്യവിരുദ്ധമാണ്. പള്ളികളുടെ ഉടമസ്ഥതയെസംബന്ധിച്ച് സുപ്രീംകോടതി ചില നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് പാത്രിയര്‍ക്കീസ് വിഭാഗം സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. എത്രയോ മദ്ധ്യസ്ഥന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ഒരു മന്ത്രിസഭാ ഉപസമിതിപോലും അനേകദിവസങ്ങള്‍ ചര്‍ച്ചയ്ക്ക മദ്ധ്യസ്ഥം വഹിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കടുംപിടുത്തം ഒന്നുകൊണ്ടുമാത്രമാണ് ചര്‍ച്ചകള്‍ വിജയം കാണാതിരുന്നത്. ജില്ലാ കളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഒന്നിലധികം പ്രാവശ്യം ജുഡീഷ്യല്‍ മീഡിയേഷനും ഓര്‍ത്തഡോക്സ് സഭ സഹകരിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗം എന്തു വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്ന് പ്രസ്താവിക്കുന്നതല്ലാതെ കാര്യത്തോടടുക്കുമ്പോള്‍ ഒരു ഒത്തുതീര്‍പ്പിനും സഹകരിക്കുന്നില്ല. ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായി പക്ഷപാദപരമായ യാതൊരു നിലപാടും ഗവണ്‍മമെന്റ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നീതി ഉറപ്പാക്കണമെന്നും, കോടതി വിധികള്‍ നടപ്പാക്കണമെന്നും മാത്രമാണ് സഭയുടെ ആവശ്യം. എല്ലാ സ്ഥലങ്ങളിലും കോടതിവിധികള്‍ നടപ്പാക്കാന്‍ ഗവവണ്‍മെന്റ് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ല എന്ന ദുഖം സഭയ്ക്കുണ്ട്. കോടതിവിധികളെ ബഹുമാനിക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്തെ ഗവണ്‍മെന്റ് പാലിക്കേണ്ട മിനിമം കാര്യമാണ്.
Published: Monday, 18 March 2013
http://catholicatenews.in/catagories/item/653-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%82-%E0%B4%B5%E0%B5%86%E0%B4%9F%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86-%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%82-%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B4%AD

കഷ്ടതകളും പ്രയാസങ്ങളും ദൈവസമക്ഷത്തിലുള്ള മഹത്വീകരണം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്


കൂത്താട്ടുകുളം, മാര്‍‍ച്ച് 7: പീഢയനുഭവിയ്ക്കുന്ന സമൂഹത്തിലൂടെയാണു് രക്ഷയും വീണ്ടെടുപ്പും സംഭവിയ്ക്കുന്നതെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിമൂന്നാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം (ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) മാര്‍‍ച്ച് ആറിനു് ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എളുപ്പമുള്ള ജീവിതം കര്‍ത്താവു് വാഗ്ദാനം ചെയ്തിട്ടില്ല. പീഢകളും അവഹേളനങ്ങളും ഏറ്റുവാങ്ങുന്നതു് ക്രിസ്തീയവിളിയുടെ ഭാഗമാണെന്നു് തിരിച്ചറിയുന്നതിലാണു് വിശ്വാസി സമൂഹത്തിന്റെ നിലനില്പു്. അനീതി നിറഞ്ഞലോകത്തു് നീതിയ്ക്കും ശരിയ്ക്കും വേണ്ടി നിലകൊള്ളുന്ന മനുഷ്യന്‍ അനുഭവിയ്ക്കുന്ന പീഢകളും വേദനകളുമാണു് ജീവിതത്തിനു് അര്‍ത്ഥം ഉണ്ടാക്കുന്നതു്. വേദപുസ്തകസത്യങ്ങള്‍ ഓരോകാലത്തുമുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനും കാലികമാക്കുന്നതിനുമാണു് സുവിശേഷ യോഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന്റെ വഴിയറിയാന്‍ കാത്തിരുന്നു നോക്കണമെന്നും പിന്തിരിഞ്ഞുനോക്കിയാലേ ദൈവത്തിന്റെ പദ്ധതിയെന്തായിരുന്നുവെന്നു് മനസ്സിലാകൂ എന്നും തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ. മോഹന്‍ ജോസഫ് (കോട്ടയം ഏലിയാ കത്തീഡ്രല്‍) പറഞ്ഞു.

ഇന്നു് മാര്‍‍ച്ച് 7 വ്യാഴാഴ്ച ഫാ. റവ. ഡോ. റെജി മാത്യുവും(കോട്ടയം വൈദീക സെമിനാരി ) നാളെ വെള്ളിയാഴ്ച റവ. ഡോ. ഒ. തോമസും മാര്‍ച്ച് 9 ശനിയാഴ്ച ഫാ ഏലിയാസ് ചെറുകാടും 10 ഞായറാഴ്ച ഫാ. നൈനാന്‍ കെ ജോര്‍ജും (കോട്ടയം വൈദീക സെമിനാരി ) വചനശുശ്രൂഷ നടത്തും.

ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്കോപ്പ, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ഷിബുകുര്യന്‍, ഫാ. പൗലോസ് സ്കറിയ, ജോസഫ് ജോര്‍ജ് കളത്തില്‍, മത്തായി ഏറമ്പടം, സണ്ണി കുടിയിരിയ്ക്കല്‍, ജോണ്‍സന്‍ കൊറ്റഞ്ചിറയില്‍ ‍ജിതിന്‍ കൊച്ചുപാറയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനശുശ്രൂഷ ചെയ്യുന്നതു്.


അറുപത്തിമൂന്നാം കൂത്താട്ടുകുളം ബൈബിള്‍ കണ്‍‍വന്‍ഷന്‍ മാര്‍ച്ച് 6 മുതല്‍ 10വരെ

കൂത്താട്ടുകുളം, 2013 ഫെബ്രുവരി 25: അറുപത്തിമൂന്നാം ആണ്ടത്തെ കൂത്താട്ടുകുളം ഓര്‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വന്‍ഷന്‍ മാര്‍ച്ച് 6 ബുധനാഴ്ച കൂത്താട്ടുകുളം കെ റ്റി ജേക്കബ് ടൗണ്‍ ഹാളില്‍ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ മാര്‍ച്ച് 10ഞായറാഴ്ച സമാപിക്കും.

ദിവസവും വൈകുന്നേരം 6.15 നു് ഗാനശുശ്രൂഷയും 6.45 നു് സന്ധ്യാ നമസ്കാരവും 7.15 മുതല്‍ 8.55 വരെ വചനശുശ്രൂഷയും ഉണ്ടായിരിയ്ക്കും. ഉദ്ഘാടന ദിവസമായ മാര്‍ച്ച് 6 ബുധനാഴ്ച ഫാ മോഹന്‍ ജോസഫും (കോട്ടയം) മാര്‍‍ച്ച് 7 വ്യാഴാഴ്ച ഫാ. റവ. ഡോ. റെജി മാത്യുവും(കോട്ടയം വൈദീക സെമിനാരി) 8 വെള്ളിയാഴ്ച റവ. ഡോ. ഒ. തോമസും 9 ശനിയാഴ്ച ഫാ ഏലിയാസ് ചെറുകാടും 10 ഞായറാഴ്ച ഫാ. നൈനാന്‍ കെ ജോര്‍ജും (കോട്ടയം വൈദീക സെമിനാരി) വചനശുശ്രൂഷ നടത്തും.

കരോട്ടുവീട്ടില്‍ കെ ഒ തോമസ്സ് കശീശയുടെനേതൃത്വത്തിലും കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തിലുമായി 1948-ലാണു് കൂത്താട്ടുകുളം ഓര്‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വന്‍ഷന്‍ ആരംഭിച്ചതു്.

സഭാംഗങ്ങളുടെ ആത്മീയ പുതുക്കവും വളര്‍ച്ചയുമാണു് കണ്‍‍വന്‍ഷന്റെ ലക്ഷ്യമെന്നു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ പ്രസിഡന്റ് ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ജോസഫ് ജോര്‍‍ജ് എന്നിവര്‍ അറിയിച്ചു.

അനധികൃത കയ്യേറ്റം അനുവദിക്കില്ല : ഓര്‍ത്തഡോക്സ് സഭ


പിറവം, ഫെ 11: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ (വലിയപള്ളി) 1934-ലെ സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്നും 1995 -ലെ സുപ്രീംകോടതി വിധി ഈ പള്ളിക്കും ബാധകമാണെന്നും എറണാകുളം അഡീ. ജില്ലാകോടതി അസന്നിഗ്ദമായി വിധിച്ചിരിക്കെ അനധികൃത കയ്യേറ്റം നടത്തിയും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചും അവിടെ പുതിയൊരു സമരമുഖം തുറക്കുന്നതിന് ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തിന്റെ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലവിളിയാണെന്ന് സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്. സുപ്രീം കോടതി വിധി അംഗീകരിച്ച സഭാ ഭരണഘടന അംഗീകരിക്കാത്ത സഭാ സ്ഥാനികളും വൈദികരും മേല്‍പട്ടക്കാരും നിരന്തരം കടന്നുകയറ്റം നടത്തുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മാമലശ്ശേരി ഉള്‍പ്പെടെ പല പള്ളികളിലും ‘ഉപവാസ’മെന്ന പേരില്‍ നടത്തിയ സമര കോലാഹലങ്ങള്‍ പരാജയപ്പെട്ടതിന് പകരമായി പുതിയ സമര തന്ത്രം പയറ്റാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്രതാനുഷ്ഠാനുങ്ങളുടെ വിശുദ്ധിയില്‍ വലിയ നോമ്പ്


ആത്മ തപനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ വലിയ നോമ്പ് (50 നോമ്പ്) ഫെ.11 തിങ്കളാഴ്ച്ച ആരംഭിക്കും. വലിയ നോമ്പിനോടനുബന്ധിച്ചുളള ശുബ്ക്കോനാ(നിരപ്പിന്റെ) ശ്രുശ്രുഷ തിങ്കളാഴ്ച്ച ഉച്ചനമസ്ക്കാരത്തിന് ശേഷം എല്ലാ ദേവാലയങ്ങളിലും നടക്കും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ദേവാലയങ്ങളില്‍ നോമ്പിലെ പ്രത്യേക പ്രാര്‍ത്ഥനയും നമസ്ക്കാരവും ഉണ്ടാകും. പ്രലോഭനങ്ങളെ അതിജീവിച്ച് പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധികരണത്തിലൂടെയും വലിയ നോമ്പില്‍ ദൈവാനുഗ്രഹങ്ങളെ പ്രാപിക്കാന്‍ ഒരുങ്ങണമെന്ന് പരി.ബാവാ തിരുമേനി കല്പനയിലൂടെ ഉദ്ബോദിപ്പിച്ചു.

നോമ്പിനെക്കുറിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായുടെ കല്പന പൂര്‍ണ്ണരൂപം ഇവിടെ കിലുക്കൂ

സ്ത്രീരക്ഷക്കായി സമഗ്രനിയമം വേണം : പരിശുദ്ധ ബാവാ


ദേവലോകം,ഫെ 5: ജസ്റ്റീസ് വര്‍മ്മ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചും സ്ത്രീത്വത്തെ ആദരിക്കുന്ന ഭാരതീയ സാംസ്കാരിക പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ടും സ്ത്രീ സുരക്ഷയ്ക്കായി സമഗ്രനിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അതിനായുള്ള ആദ്യപടി എന്ന നിലയില്‍ കേന്ദ്രഗവണ്മെന്റിന്റെ ഓര്‍ഡിനന്‍സ് സ്വാഗതാര്‍ഹമാണെന്നും’ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
ഉചിതമായ നിയമനിര്‍മ്മാണത്തോടൊപ്പം നിയമമപാലകരുടെ ശുഷ്കാന്തിയും പൊതുസമൂഹത്തിന്റെ ജാഗ്രതയും ഈ കാര്യത്തില്‍ ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പിറവം പള്ളി: 1934ലെ സഭാ ഭരണഘടന ബാധകമെന്നു കോടതി

പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി
-കടപ്പാട്: ക്യാപ്റ്റന്‍- വിക്കിമീഡിയ കോമണ്‍സ്

കൊച്ചി, 2013 ഫെ.5: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണകാര്യങ്ങള്‍ പിന്നീടു് ഭേദഗതി ചെയ്യപ്പെട്ട 1934 ലെ സഭാ ഭരണഘടന അനുസരിച്ചു് നിര്‍വഹിക്ക പ്പെടേണ്ടതാണെന്ന് എറണാകുളം ജില്ലാ കോടതി ജനുവരി 25നു് വിധിച്ചു. പിറവം പറയാരുപറമ്പില്‍ വര്‍ക്കി, കെ.പി. ജോണ്‍, മാത്യു പി. ജേക്കബ്, വി.യു. സൈമണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡീഷനല്‍ ജില്ലാ ജഡ്ജി വി.ജി. അനില്‍കുമാറിന്റെ വിധി.

കേസില്‍ 19 മുതല്‍ 22 വരെ എതിര്‍ കക്ഷികളായിരുന്ന ഫാ. എം.വി. ജോസഫ് മങ്കിടിയില്‍, ഫാ. ജോണ്‍ തളിയച്ചിറയില്‍, ഫാ. എന്‍.എം. തോമസ്, ഫാ. വി.എ. മാത്യു എന്നിവരെ ജോസഫ് മാര്‍ പക്കോമിയോസ് നിയമിച്ചതു് അസാധുവായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഭാ ഭരണഘടന അംഗീകരിക്കുന്ന പൊതുയോഗത്തിന്റെയും പള്ളിക്കമ്മിറ്റിയുടെയും തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു. പിറവം തോട്ടുപുറത്ത് മാണി വര്‍ക്കി, പൈലി ഉലഹന്നാന്‍, വര്‍ഗീസ് ഉലഹന്നാന്‍ എന്നിവരടക്കം 56 പേര്‍ കേസില്‍ എതിര്‍ കക്ഷികളായിരുന്നു.
വിധിയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ കിലുക്കൂ

മാമ്മലശ്ശേരിപള്ളി: നിരാഹാരവും കുത്തിയിരുപ്പും അവസാനിപ്പിച്ചു് തലയൂരി


പിറവം,ഫെ 2: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിക്ക് മുന്നില്‍ വിമത യാക്കോബായ വിഭാഗം 2012 മെയ് 15 മുതല്‍ നടത്തിവന്ന കുത്തിയിരുപ്പു് യജ്ഞവും വര്‍ഗീസ് പുല്ല്യാട്ടേല്‍ പാതിരി ജനു 25 മുതല്‍ നടത്തിവന്ന നിരാഹാര യജ്ഞവും നിറുത്തി. ഫെ 2 ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് കുത്തിയിരുപ്പു് അവസാനിപ്പിച്ചത്. ഇതോടെ ഒമ്പത് ദിവസം പിന്നിട്ട നിരാഹാര യജ്ഞം സമാപിച്ചു. മാമ്മലശ്ശേരി പള്ളിയില്‍ കുര്‍ബാനാ അവകാശം (വീതം) കിട്ടണമെന്നാവശ്യപ്പെട്ടാണ് വിമത യാക്കോബായ വിഭാഗം അക്രമവും കുത്തിയിരുപ്പു് യജ്ഞവും നടത്തിയത്.

തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു് പരിഹാരിക്കാന്‍ ഫെ 1നു് ഹൈക്കോടതി മീഡിയേഷന്‍ സെല്‍ മീഡിയേറ്റര്‍മാരെ നിയോഗിച്ചെന്ന കാരണം പറഞ്ഞാണു് നിരാഹാര സമരം അവസാനിപ്പിച്ചത്. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനാണ് സമരം താത്കാലികമായി അവസാനിപ്പിച്ചതെന്ന് പറഞ്ഞു് വിമത യാക്കോബായ വിഭാഗം സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ന്യായീകരിച്ചു.

തര്‍ക്കം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ ഇരു വിഭാഗത്തിലും ഉണ്ടെന്ന് പറഞ്ഞാണു് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി, സര്‍ക്കാരിന്റെ അപേക്ഷപ്രകാരം, മധ്യസ്ഥശ്രമത്തിനുള്ള സമിതിയെ നിയോഗിച്ചത്. ഹൈക്കോടതി മീഡിയേഷന്‍ കേന്ദ്രത്തിലെ മീഡിയേറ്റര്‍ പി. ബാബുകുമാര്‍, ജില്ലാ മീഡിയേഷന്‍ കേന്ദ്രത്തിലെ കെ.എന്‍. സ്വാമിനാഥന്‍, എം.എസ്. ലത എന്നിവരാണു് മീഡിയേറ്റര്‍മാര്‍.
1995 മുതല്‍ ഇരുകക്ഷികളും സഭാതര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സഭാ ഭരണഘടന അനുസരിച്ചും കോടതിയില്‍ രേഖാമൂലം എഴുതി കൊടുത്ത അനുസരിച്ച് ഭരണം തുടര്‍ന്ന മാമ്മലശേരി പള്ളിയില്‍ 2012 മെയ് മാസത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ആരാധന മുടക്കുകയും കുത്തിയിരുപ്പു് യജ്ഞം എന്ന പേരില്‍ സമരം ആരംഭിക്കുകയുമായിരുന്നു. കോടതിവിധി അനുസരിക്കാതെയും ഉദയകക്ഷി ധാരണകള്‍ക്കും മധ്യസ്ഥ തീരുമാനങ്ങള്‍ക്കും മധ്യസ്ഥതീരുമാനങ്ങള്‍ക്കും വഴങ്ങാതെയും ജില്ലാ അധികാരികളുടെ ഉത്തരവുകള്‍ ലംഘിച്ചും നടത്തിയ സമരമാണു് അവസാനം അവസാനിച്ചിരിയ്ക്കുന്നത്.

ഓടക്കാലി പള്ളിയിലെ കല്ലിട്ട പെരുന്നാള്‍: സമാധാന പാലനത്തിന് നിര്‍ദേശം


കൊച്ചി, ഫെബ്രുവരി 1: ഓടക്കാലി സെന്റ് മേരീസ് പള്ളിയിലെ കല്ലിട്ട പെരുന്നാള്‍ ഇരുവിഭാഗവും നിര്‍ദിഷ്ടസമയങ്ങളില്‍ ക്രമസമാധാനപ്രശ്‌നങ്ങളില്ലാതെ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എതിര്‍പക്ഷം മത ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭക്കാരായ ഫാ. തര്യന്‍, എം.ടി. വര്‍ഗീസ്, ഫാ. തോമസ് പോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദിന്റെ ഈ നിര്‍േദശം. വിമത യാക്കോബായവിഭാഗക്കാരായ ഫാ. പൗലോസ് ഔസേപ്പ്, മാര്‍ തോമസ് ദിവന്നാസിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. ഫിബ്രവരി ഏഴ് മുതല്‍ 10 വരെയാണ് പെരുന്നാള്‍.

ഹര്‍ജിക്കാര്‍ക്ക് ഫെബ്രുവരി 8ന് ഉച്ചയ്ക്ക് 12 മുതല്‍ ഫിബ്രവരി 9ന് 12 വരെയാണ് മത ചടങ്ങുകള്‍ നടത്താന്‍ അനുമതി. മറുവിഭാഗം ഈ സമയത്ത് പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.വിമത യാക്കോബായവിഭാഗവും - ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ വര്‍ഷങ്ങളായി പള്ളിയെ ചോല്ലി അവകാശ തര്‍ക്കം നിലനില്‍ക്കുകയാണ്. ഹൈകോടതി നിര്‍ദേശപ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വര്‍ഷത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ പ്രവേശിക്കാനും വിശുദ്ധ കുര്‍ബ്ബാനനടത്താനും അവകാശമുണ്ടു്.

ഓടക്കാലി സെന്റ്‌.മേരീസ്‌ പള്ളിയില്‍ സംഘര്‍ഷം


ഓടക്കാലി, ജനു 27: സെന്റ്‌ മേരീസ്‌ പള്ളിയിലെ നിര്‍മാണം സംബന്ധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭയും വിമത യാക്കോബായ വിഭാഗവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍കലാശിച്ചു. ഇതേത്തുടര്‍ന്നു് പള്ളിയോടനുബന്ധിച്ചു് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ആര്‍.ഡി.ഒ ഇന്‍ചാര്‍ജ്‌ ജമീല നിര്‍ദേശം നല്‍കി.

നിലവില്‍ വിമതയാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണു് പള്ളി. കോടതി വിധിയ്ക്കു് വിരുദ്ധമായി മദ്‌ബഹയോടു ചേര്‍ന്നു രണ്‌ടു മുറികള്‍ കൂട്ടിയെടുക്കാനുള്ള നിര്‍മാണം നടക്കുമ്പോള്‍ ഇതു നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ സംഘടിച്ചു പള്ളിയിലെത്തിയപ്പോഴാണ്‌ സംഘര്‍ഷം നടന്നത്‌. ഓര്‍ത്തഡോക്‌സ്‌ സഭയിലെ തോമസ്‌ പോള്‍ റമ്പാന്‍, പി വി പൗലോസ്‌, കെ എം ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധവുമായെത്തിയത്‌. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു് 2000ല്‍ വിധിയുണ്ടെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ ഉയര്‍ത്തിക്കാട്ടി. ഇതിനുവിരുദ്ധമായി മതിലും സണ്‍ഷെയ്‌ഡും നിര്‍മിച്ചപ്പോള്‍ തടഞ്ഞില്ലെന്നും എന്നാല്‍ ഇപ്പോള്‍ പള്ളിയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയപ്പോഴാണ്‌ തങ്ങള്‍ ഇടപെട്ടതെന്നു് ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ പറഞ്ഞു.

പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി കെ ഹരികൃഷ്‌ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്‌പിന്‍ സാം എന്നിവരുടെ നേതൃത്വത്തില്‍ പോലിസ്‌ സംഘം എത്തിപ്രതിഷേധക്കാരെ അറസ്റ്റു് ചെയ്‌തതു. അതേസമയം സംഘര്‍ഷത്തില്‍ ഫാ.ജോബി വര്‍ഗീസ്‌, ട്രസ്‌റ്റി ബെന്നി തോമസ്‌, എല്‍ദോസ്‌ എം ഏലിയാസ്‌,മുകളത്ത്‌ ബേസില്‍ എന്നിവര്‍ക്കു പരിക്കേറ്റതായി വിമതയാക്കോബായ വിഭാഗം പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭ സമാധാനത്തിനായി നിലകൊള്ളും : പ.കാതോലിക്ക ബാവ


ആലുവ: ഓര്‍ത്തഡോക്സ് സഭ സമാധാനത്തിനായി നിലകൊള്ളുമെന്നും എന്നാല്‍ അതിന്റെ പേരില്‍ സഭയുടെ സ്വത്തുക്കള്‍ കൈയ്യേറാന്‍ ആരേയും അനുവദിക്കില്ലെന്നും പ.ബാവാ പറഞ്ഞു.ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കൂനന്‍കുരിശു സത്യത്തിന്റെ 360-ആമത് വാര്‍ഷികവും സെമിനാറും ആലുവ ത്യക്കുന്നത്തു സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു. പ.പിതാവ് . “മാര്‍ത്തോമ്മയുടെ മാര്‍ഗ്ഗവും ശെമവൂന്‍ കീപ്പായുടെ മാര്‍ഗ്ഗവും കൂന്‍കുരിശുസത്യ പശ്ചാത്തലത്തില്‍’’ എന്ന വിഷയത്തെ അധികരിച്ചു ഡോ.എം. കുര്യന്‍ തോമസ് സെമിനാര്‍ നയിച്ചു. പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷ പ്രസംഗം നടത്തി.ഡോ. മാത്യൂസ് മാര്‍സേവേറിയോസ്, വൈദിക ട്രസ്റി ഫാ.ജോണ്‍സ് ഏബ്രാഹാം കോനാട്ട്, മത്തായി ഇടയനാല്‍ കോര്‍- എപ്പിസ്ക്കോപ്പാ,ഡോ.എം. കുര്യന്‍ തോമസ്, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജെസന്‍, വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് റ്റി. ജോണ്‍ട്രഷറര്‍, പ്രിനു റ്റി.മാത്യൂസ്, ഫാ. ഫിലന്‍ പി.മാത്യു, ഫാ.യാക്കോബ് തോമസ്, അലക്സ് എം.കുറിയാക്കോസ് എന്നിവര്‍ സംസാരിച്ചു.
കടപ്പാടു് കാതോലിക്കേറ്റ് ന്യൂസ്

ഓടക്കാലി സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍

ഓടക്കാലി സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ശുശ്രൂഷയ്ക്ക് എത്തിയ ഫാ. തോമസ് പോള്‍ റമ്പാനെ വിഘടിത വിഭാഗം തടഞ്ഞതിനെ തുടര്‍ന്ന്‍ സംഘര്‍ഷം. റമ്പാന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളി വരാന്തയില്‍ ഇരുന്നു. ഫാ. തോമസ് പോള്‍ റമ്പാനേയും വിശ്വാസികളേയും കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. -http://www.malankaraorthodox.tv/

തൃക്കുന്നത്ത് സെമിനാരിയില്‍ പെരുന്നാള്‍ സമാപിച്ചു



മലങ്കരസഭയുടെ ആറാമത്തെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെയും അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യരായ അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറീലോസ്, കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ് വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൌലോസ് മാര്‍ പക്കോമിയോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ് എന്നീ പിതാക്കന്മാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ തൃക്കുന്നത്ത് സെമിനാരിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച ഏഴുമണിക്ക് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനവും, കൂനന്‍കുരിശുസത്യത്തിന്റെ 360-ാം വാര്‍ഷികവും നടന്നു. അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ,അഭി.ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, അഭി.യോഹാനോന്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്താ എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു . ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജസ്സന്‍ വറുഗ്ഗീസ്, എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
കടപ്പാടു്: കാതോലിക്കേറ്റ് വാര്‍ത്ത


മലയാളമനോരമ വാര്‍ത്ത
ഓര്‍ത്തഡോക്‌സ്‌,യാക്കോബായ സഭകള്‍ തൃക്കുന്നത്ത്‌ ആരാധന നടത്തി

ആലുവ- തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയിലെ പരിശുദ്ധ പിതാക്കന്‍മാരുടെ കബറിങ്കല്‍ പൊലീസിന്റെ കനത്ത സുരക്ഷാവലയത്തില്‍ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങള്‍ സമാധാനപരമായി വെവ്വേറെ ആരാധന നടത്തി.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ധൂപപ്രാര്‍ഥന നടത്തി. എന്നാല്‍, സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ആരോപിച്ചു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്‌ക്ക്‌ എത്തിയില്ല. തൃക്കുന്നത്തു പള്ളി കവാടത്തിലുള്ള മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ക്കും വൈദികര്‍ക്കുമൊപ്പം അദ്ദേഹം പ്രാര്‍ഥന നടത്തി.

പൂട്ടിക്കിടക്കുന്ന പള്ളിയുടെ പ്രധാന കവാടം ഇക്കൊല്ലം തുറന്നില്ല. കബറിടം മാത്രമേ തുറന്നുള്ളൂ. ഇരുവിഭാഗം വിശ്വാസികളും അവരവര്‍ക്ക്‌ അനുവദിച്ച സമയങ്ങളില്‍ 10 പേര്‍ വീതമുള്ള സംഘങ്ങളായി എത്തിയാണു പ്രാര്‍ഥന നടത്തിയത്‌.
ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിലെ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, ജോഷ്വ മാര്‍ നിക്കോദീമോസ്‌, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ കബറിങ്കല്‍ പ്രാര്‍ഥിച്ചു.

ഓര്‍ത്തഡോക്‌സ്‌ യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തില്‍, കൂനന്‍കുരിശു സത്യത്തിന്റെ 360-ാം വാര്‍ഷിക സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്‌തു. യുവജന പ്രസ്‌ഥാനം പ്രസിഡന്റ്‌ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്‌ അധ്യക്ഷത വഹിച്ചു.

മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, ഡോ. കുര്യന്‍ എം. തോമസ്‌, യുവജന പ്രസ്‌ഥാനം ജനറല്‍ സെക്രട്ടറി ഫാ. ജസന്‍ വര്‍ഗീസ്‌, അലക്‌സ്‌ എം. കുര്യാക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന്‌ ഏഴിനു പ്രഭാത പ്രാര്‍ഥന, എട്ടിനു കുര്‍ബാന, 10നു കബറിങ്കല്‍ ധൂപപ്രാര്‍ഥന, 10.30നു പ്രദക്ഷിണം, 11.30നു നേര്‍ച്ചസദ്യ.

യാക്കോബായ വിഭാഗത്തിലെ ഡോ. ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ അന്തീമോസ്‌ എന്നിവര്‍ കബറിങ്കല്‍ പ്രാര്‍ഥന നടത്തി. മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ നടന്ന പ്രാര്‍ഥനയില്‍ ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്‌ക്കു പുറമെ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌, സക്കറിയാസ്‌ മാര്‍ പോളികാര്‍പ്പസ്‌, ഏലിയാസ്‌ മാര്‍ യൂലിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കെത്തലയ്‌ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അകപ്പറമ്പ്‌ മാര്‍ ശാബോര്‍ അഫ്രോത്ത്‌ കത്തീഡ്രലില്‍നിന്നും വടക്കന്‍ പറവൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ പള്ളിയില്‍നിന്നും എത്തിയ കാല്‍നട തീര്‍ഥാടകര്‍ക്കു ബൈപാസ്‌ ജംക്‌ഷനിലും നഗരസഭാ കവാടത്തിലും സ്വീകരണം നല്‍കി.
ഇന്ന്‌ 7.30നു പ്രഭാത പ്രാര്‍ഥന, 8.15നു ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, ഇടവകയില്‍ നിന്നു നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം, ധൂപപ്രാര്‍ഥന, 11നു പ്രദക്ഷിണം, 12.45നു നേര്‍ച്ചസദ്യ.

മെറ്റല്‍ ഡിറ്റക്‌ടറിലൂടെയാണ്‌ മെത്രാപ്പൊലീത്തമാര്‍ അടക്കം മുഴുവന്‍ വിശ്വാസികളെയും കബറിങ്കലേക്കു കടത്തിവിട്ടത്‌. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ വാരിയര്‍, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി സതീഷ്‌ ബിനോ എന്നിവര്‍ സ്‌ഥലത്തുണ്ടായിരുന്നു.
കുളമാവ്‌ പൊലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍ ഇമ്മാനുവല്‍ ജോലിക്കിടെ പള്ളി പരിസരത്തു കുഴഞ്ഞുവീണു. അമിത ജോലിഭാരമാണ്‌ കാരണമെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

രാത്രി ജോലിക്കു ശേഷമാണ്‌ ഇമ്മാനുവല്‍ പുലര്‍ച്ചെ ആലുവയില്‍ എത്തിയത്‌.
കടപ്പാടു്: മലയാളമനോരമ, 2013 ജനുവരി 26

ജന്മഭൂമി വാര്‍ത്ത
കനത്ത സുരക്ഷയില്‍ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ ധൂപപ്രാര്‍ത്ഥന നടത്തി

ആലുവ: കനത്ത സുരക്ഷാ ക്രമീകരണത്തില്‍ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ കബറിങ്കല്‍ ഇരു വിഭാഗങ്ങളും ഇന്നലെ സമാധാനാന്തരീക്ഷത്തില്‍ ആരാധന നടത്തി. സര്‍ക്കാരിന്റെ സഭയോടുള്ള നിലപാടുകളില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ യാക്കോബായ വിഭാഗത്തിന്റെ ഡോ. ആബുന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ ബാവ ആരാധനയ്ക്കായി പള്ളിയിലെത്തിയില്ല.

കോടതി നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ വിശ്വാസികള്‍ക്കു് പ്രവേശനം അനുവദിച്ചത്‌. കനത്ത സുരക്ഷാപരിശോധനയ്ക്കായി കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീത്‌ എത്തി പള്ളി തുറന്നതോടെയാണ്‌ വിശ്വാസികള്‍ പ്രവേശിച്ചത്‌. രാവിലെ 7 മുതല്‍ 11 വരെയാണ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗത്തിന്‌ ആരാധന നടത്താന്‍ അനുവാദമുണ്ടായിരുന്നത്‌.

വിശ്വാസികള്‍ക്ക് പിന്നാലെ പതിനൊന്നു് മണിയോടെ ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ യൂഹനോന്‍, മാര്‍ പോളികാര്‍പ്പൊസ്‌ മെത്രാപ്പൊലീത്ത എന്നിവരും ധൂപപ്രാര്‍ത്ഥനയ്ക്കെത്തിയിരുന്നു. 750ഓളം പോലീസുകാരാണ്‌ സുരക്ഷക്കെത്തിയിരുന്നത്‌. 16 നിരീക്ഷണ ക്യാമറകള്‍ പള്ളിയിലും പരിസരത്തുമായി സ്ഥാപിച്ചിരുന്നു.

പത്തുപേര്‍ വീതമുള്ള സംഘത്തിന്‌ പത്ത്‌ മിനിറ്റില്‍ കൂടുതല്‍ പള്ളിയില്‍ ചെലവഴിക്കാനാകില്ല. ഇന്നും ഇതേ ക്രമീകരണം തുടരും. 35 വര്‍ഷ‌മായി പൂട്ടിക്കിടക്കുന്ന പള്ളി കഴിഞ്ഞ നാല്‌ വര്‍ഷമായി ജില്ലാ കളക്ടര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ്‌ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ ആരാധനയ്ക്ക്‌ അവസരമൊരുക്കിയിരുന്നത്‌.

കഴിഞ്ഞവര്‍ഷം കളക്ടറുടെ ഉത്തരവ്‌ മറികടന്നു യാക്കോബായ പക്ഷം കബറില്‍ ധൂപപ്രാര്‍ത്ഥനയ്ക്ക്‌ പുറമെ കുര്‍ബാനയര്‍പ്പിച്ചത്‌ വിവാദമായിരുന്നു. റൂറല്‍ എസ്പി സതീഷ്‌ ബിനോ, എഡിഎം എന്‍.രാമചന്ദ്രന്‍, ഡിവൈഎസ്പിമാരായ സലീം എന്‍, അനില്‍ കുമാര്‍, സിഐ എസ്‌.ജയകൃഷ്ണന്‍, എസ്‌ ഐ ഫൈസല്‍, തഹസില്‍ദാര്‍ പി.പത്മകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്തിരുന്നു.

കടപ്പാടു്: ജന്മഭൂമി, 2013 ജനുവരി 26


ദൈവദാസന്‍ ആലുവ വലിയ തിരുമേനി കാലം ചെയ്‌തിട്ട്‌ 60 വര്‍ഷം


ആലുവയിലെ വലിയ തിരുമേനി

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാപോലീത്തയായി ആലുവയില്‍ കബറടങ്ങിയിരിക്കുന്ന ദൈവദാസന്‍ കുറ്റിക്കാട്ടില്‍ പൗലോസ്‌ മാര്‍ അത്താനാസിയോസ്‌ (ആലുവ വലിയ തിരുമേനി) കാലം ചെയ്‌തിട്ട്‌ അറുപതുവര്‍ഷം കഴിഞ്ഞു.
1953 ജനുവരി 25ന്‌ 84-ാമത്തെ വയസിലാണ്‌ ആലുവ വലിയ തിരുമേനി കാലം ചെയ്‌ത്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ കബറടങ്ങിയത്‌. ഓര്‍മപ്പെരുന്നാള്‍ ജനുവരി 25നും 26നുമായി പള്ളിയില്‍ ആചരിക്കുന്നു.

1869 ജനുവരി 23ന്‌ അകപ്പറമ്പ്‌ മോര്‍ സാബോര്‍ അഫ്രോത്ത്‌ യാക്കോബായ ഇടവകയില്‍ പൈനാടത്ത്‌ കുറ്റിക്കാട്ട്‌ കുടുംബത്തിലാണ്‌ ആലുവ വലിയ തിരുമേനി ജനിച്ചത്‌. 1898 ജനുവരി 25ന്‌ പരിശുദ്ധ പരുമല തിരുമേനിയില്‍ നിന്ന്‌ വൈദികപട്ടം സ്വീകരിച്ചു.
1910 ജൂണ്‍ ഒമ്പതിന്‌ അകപ്പറമ്പ്‌ പള്ളിയില്‍വച്ച്‌ അന്ത്യോക്യായുടെ എതിര്‍ പാത്രിയര്‍ക്കീസ്‌ അബ്‌ദുള്ള ബാവ മെത്രാന്‍പട്ടം നല്‍കി.1918, 1935 വര്‍ഷങ്ങളില്‍ നടന്ന വിഭാഗീയ പള്ളി പ്രതിപുരുഷ യോഗം അബ്‌ദുള്ളബാവാക്കക്ഷിയുടെ മലങ്കര മെത്രാപോലീത്തയായി തെരഞ്ഞെടുത്തു. 1935ലെ സമുദായക്കേസ് അദ്ദേഹം വാദിയായി നല്കിയതാണെങ്കിലും ഒരുഘട്ടത്തിലും മൊഴിനല്കാന്‍ എത്തിയില്ലെന്നതു് വിധിയില്‍ പ്രത്യേകമായി പരാമര്‍ശിച്ചിരുന്നു.നുണപറയാനുള്ള സമ്മര്‍ദ്ദമുണ്ടാകുമോ എന്നു ഭയന്നായിരുന്നുവത്രേ അതു്.

സഭയുടെ ഐക്യം അദ്ദേഹം ആഗ്രഹിച്ചു. ആലുവയിലെ വലിയതിരുമേനിയുടെ (പൗലോസ്‌ മാര്‍ അത്താനാസ്യോസ്‌) 1951-ലെ കല്‌പന ശ്രദ്ധേയമാണു്:
"ഒരു സമുദായത്തിന്റെ അഭിവൃദ്ധിയും പുരോഗതിയും അതിലുള്‍‍പ്പെട്ട ജനങ്ങള്‍ കക്ഷിതിരിഞ്ഞുള്ള കേസ്സുകളില്‍ ഒരു ഭാഗം ജയിക്കുന്നതിലല്ല എന്ന്‌ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കേണ്ട ചുമതല നമുക്കുണ്ട്‌. ഇന്ന്‌ രണ്ട്‌ കക്ഷിയായി ഭിന്നിച്ചിരിക്കുന്നവര്‍ ഒരേ സഭാമാതാവിന്റെ മക്കളാണെന്നോര്‍ക്കുക. അതിനാല്‍ തമ്മില്‍ തമ്മില്‍ തെറ്റിദ്ധാരണയും ഭിന്നതയും വളര്‍ത്തുന്ന യാതൊന്നും പ്രവര്‍ത്തിക്കരുത്‌. പ്രവര്‍ത്തനത്തിലും സംസാരത്തിലും എന്നല്ല നിങ്ങളുടെ ചിന്തയില്‍ പോലും ഉണ്ടാകരുത്‌ എന്ന്‌ നിങ്ങളുടെ സ്‌നേഹത്തോട്‌ പ്രത്യേകം ആജ്ഞാപിക്കുന്നു. ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയവും താഴ്‌മയും അന്യോന്യ സ്‌നേഹവുമാണ്‌ നിങ്ങളുടെ പ്രത്യേകതകള്‍ ആ കേണ്ടത്‌. ഉത്തമവിശ്വാസത്തോടും അല്ലാതെയും നമ്മുടെ സഭയില്‍ അഭിപ്രായഭിന്നതയും മത്സരവും കഴിഞ്ഞ നാല്‌പതുവര്‍ഷമായി നിലനിന്നുവരുന്നു. നമ്മുടെ സഭ മേലില്‍ ഒന്നായി പുരോഗമിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തരത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴി ലഭിക്കുന്ന ഐശ്വര്യാഭിവൃദ്ധികളും നമ്മുടെ ചുറ്റുപാടുമുള്ള ഇതര ക്രിസ്‌തീയ വിഭാഗങ്ങളെ നോക്കിയാലും അന്യസമുദായങ്ങളെ നോക്കിയാലും നിങ്ങള്‍ക്ക്‌ ബോധ്യംവരും. നമ്മുടെ സഭയില്‍ ഭിന്നിപ്പുകള്‍ക്കിടയാക്കിയ കാര്യങ്ങള്‍ എന്തുതന്നെയായാലും ഭിന്നിച്ചു നില്‍ക്കുന്ന സഹോദരങ്ങളെ തിരിച്ചു വരുത്തേണ്ടത്‌ എത്രയും ആവശ്യമാകുന്നു."

’വിശ്വാസസംരക്ഷകന്‍’ എന്ന്‌ മുദ്രകുത്തി തീവ്രവാദിയായി ഇപ്പോഴത്തെ വിമത യാക്കോബായ കക്ഷിക്കാര്‍ അവതരിപ്പിക്കുന്ന പരമ സാത്വികനായ ആലുവയിലെ വലിയ തിരുമേനിയുടെ ചിന്ത എന്തായിരുന്നുവെന്ന്‌ ഈ ലിഖിതം വ്യക്തമാക്കുന്നു. കക്ഷിവൈരാഗിയായി അവതരിപ്പിക്കപ്പെടുന്ന ആ പുണ്യപുരുഷന്റെ സുഭഗമനസ്സിന്റെ സ്വച്ഛസുന്ദരമായ തനതാവിഷ്‌കരണമാണ്‌ ഈ കത്തില്‍ പ്രകടമാകുന്നത്‌. ഈ ചിന്തയാണ്‌ അദ്ദേഹത്തെ അനശ്വരനാക്കുന്നത്‌.

ദൈവദാസന്‍ കുറ്റിക്കാട്ടില്‍ പൗലോസ്‌ മാര്‍ അത്താനാസിയോസിനെ പരിശുദ്ധനായി പ്രഖ്യാപിയ്ക്കുന്നകാര്യം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏതാനും വര്‍ഷങ്ങളായി പരിശോധിച്ചുകൊണ്ടിരിയ്ക്കുകയാണു്.

തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍ ഇന്നും നാളെയും


ആലുവ: തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ കബറടക്കിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും.
സഭാതര്‍ക്കം മൂലം അടഞ്ഞുകിടക്കുന്ന പള്ളിയില്‍ െഹെക്കോടതി ഉത്തരവ്‌ പ്രകാരം ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങള്‍ക്ക്‌ പ്രാര്‍ഥനകള്‍ക്കായി പ്രത്യേക സമയക്രമം നിശ്‌ചയിച്ചിട്ടുണ്ട്‌. സുരക്ഷ കണക്കിലെടുത്ത്‌ പള്ളിയിലും നഗരത്തിലും കനത്ത പോലീസ്‌ നിരീക്ഷണം ഏര്‍പ്പെടുത്തി.
െഹെക്കോടതി നിയോഗിച്ചിരുന്ന അഭിഭാഷക കമ്മിഷന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെ മേല്‍നോട്ടത്തില്‍ ഇന്ന്‌ രാവിലെ 7 മുതല്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാര്‍ക്കാണ്‌ ആദ്യം പ്രാര്‍ഥനാ സമയം അനുവദിച്ചിരിക്കുന്നത്‌. പതിനൊന്ന്‌ മണിവരെ അവര്‍ക്ക്‌ കബറിങ്കല്‍ പ്രാര്‍ഥന നടത്താം.
തുടര്‍ന്ന്‌ ഉച്ചക്ക്‌ 1 മുതല്‍ 5 വരെയാണ്‌ യാക്കോബായ വിഭാഗക്കാര്‍ക്ക്‌ പ്രവേശനം. പത്ത്‌ അംഗങ്ങള്‍ വീതമുള്ള ചെറു സംഘമായാണ്‌ പ്രവേശിക്കാന്‍ കഴിയുക. സംഘം പത്ത്‌ മിനിറ്റിലേറെ സമയം എടുക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ഓരോ വിഭാഗത്തിനും അനുവദിച്ച സമയത്തില്‍ അവസാന പത്ത്‌ മിനിറ്റ്‌ കാതോലിക്കാ ബാവമാര്‍ക്ക്‌ പ്രവേശനം അനുവദിക്കും.
കടപ്പാടു്: മംഗളം, 2013 ജനുവരി 25

തൃക്കുന്നത്തു പള്ളി: അഭിഭാഷക കമ്മിഷനെ നിയമിച്ചു


കൊച്ചി: ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിങ്കല്‍ 25ന്‌ ഇരുവിഭാഗം വിശ്വാസികള്‍ക്കു് ധൂപപ്രാര്‍ഥന നടത്താന്‍ സമയക്രമം നിര്‍ദേശിച്ച ഹൈക്കോടതി, നിരീക്ഷണത്തിനായി അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷക കമ്മിഷനായി നിയമിച്ചു. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്‌ട്രോണിക്‌ സാമഗ്രികളും കുര്‍ബാന വസ്‌ത്രവും അകത്തു കടത്തരുതെന്നു പ്രത്യേക നിര്‍ദേശമുണ്ട്‌. എത്ര ഉന്നതരായാലും ആരും നിയമത്തിന്‌ അതീതരല്ലെന്നും, കോടതി ഉത്തരവു ലംഘിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

ഇരുവിഭാഗം വിശ്വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മധ്യസ്‌ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്‌ടര്‍ കേരള മീഡിയേഷന്‍ സെന്ററിനു നല്‍കിയ റിപ്പോര്‍ട്ട്‌ റഫര്‍ ചെയ്‌ത പ്രകാരമാണു ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ എ.വി. രാമകൃഷ്‌ണപിള്ള എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

ഇനി പറയുന്ന പ്രകാരമുള്ള ക്രമീകരണങ്ങളാണു കോടതി ഏര്‍പ്പെടുത്തിയത്‌: ജനുവരി 25നു രാവിലെ ഏഴു മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍ക്കും ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ അഞ്ചു വരെ യാക്കോബായ സഭാംഗങ്ങള്‍ക്കും കബറിങ്കല്‍ പ്രാര്‍ഥനയ്‌ക്കു പ്രവേശിക്കാം. 10 അംഗങ്ങളുള്ള ചെറു സംഘമായേ കയറാവൂ. ഒരു സംഘം 10 മിനിറ്റിലേറെ സമയം എടുക്കരുത്‌. ധൂപപ്രാര്‍ഥനയല്ലാതെ മറ്റൊന്നും പാടില്ല. ക്യാമറ, മൊബൈല്‍ ഫോണ്‍ പാടില്ല. കുര്‍ബാന വസ്‌ത്രങ്ങള്‍ പ്രവേശിപ്പിക്കരുത്‌. ഓരോ വിഭാഗത്തിനും അനുവദിച്ച സമയത്തില്‍ അവസാന 10 മിനിറ്റു മാത്രമേ അതതു ബാവമാര്‍ക്കു പ്രവേശനമുണ്ടാകൂ.

കഴിഞ്ഞ വര്‍ഷം യാക്കോബായ സഭാംഗങ്ങള്‍ കുര്‍ബാനവസ്‌ത്രം ഉപയോഗിച്ചെന്നും കുര്‍ബാന നടത്തിയെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്നു കോടതി ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ഉത്തരവു മറികടന്ന്‌ ഒരു നടപടിയും ഉണ്ടാവില്ലെന്നും, ക്രമസമാധാനം പാലിക്കുമെന്നും യാക്കോബായ വിഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ നല്‍കിയ ഉറപ്പു കോടതി രേഖപ്പെടുത്തി. സുപ്രീംകോടതി ഓര്‍മപ്പെടുത്തിയ പ്രകാരം സൗഹാര്‍ദവും സമാധാനവും പുലരാന്‍ ശ്രമം വേണമെന്നു കോടതി പറഞ്ഞു.

ഓര്‍മപെരുനാള്‍ ആചരണത്തിന്റെ സമ്പൂര്‍ണ നടപടികള്‍ അഭിഭാഷക കമ്മിഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. എഡിഎം, എറണാകുളം റൂറല്‍ പൊലീസ്‌ മേധാവി എന്നിവര്‍ അദ്ദേഹത്തിന്‌ എല്ലാ സഹായങ്ങളും നല്‍കണം. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും വേണം. ഉത്തരവോ, വിധികളോ പാസാക്കുന്നതിനൊപ്പംതന്നെ അതു നടപ്പാക്കുന്നു എന്നുറപ്പാക്കാനുള്ള അധികാരവും കോടതിക്ക്‌ ഉണ്ടെന്ന്‌ ഉത്തരവില്‍ വ്യക്‌തമാക്കി.
കടപ്പാടു്: മലയാളമനോരമ, 2013 ജനുവരി 24

തൃക്കുന്നത്ത്‌ പള്ളി: പാത്രിയര്‍ക്കീസ്‌ പക്ഷം വ്യവസ്‌ഥ ലംഘിച്ചതായി കോടതി

കൊച്ചി: തൃക്കുന്നത്ത്‌ സെമിനാരിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ പാത്രിയര്‍ക്കീസ്‌ പക്ഷം ലംഘിച്ചതായി ഹൈക്കോടതി.
ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ ലംഘിക്കപ്പെട്ടിട്ടും ജില്ലാ കലക്‌ടര്‍ എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, എ.വി. രാമകൃഷ്‌ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ചോദിച്ചു. ആരും നിയമവാഴ്‌ചയ്‌ക്ക്‌ അതീതരല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഒര്‍മ്മിപ്പിച്ചു.
ജനുവരി 25ന്‌ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ നടക്കുന്ന വാര്‍ഷിക പ്രാര്‍ഥനയില്‍ ഇരുവിഭാഗത്തിനും പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി.
കഴിഞ്ഞവര്‍ഷത്തെ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ തുടരണമെന്നും ഇതിനു വീഴ്‌ചവരുത്തിയാല്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നും കോടതി താക്കീത്‌ നല്‍കി. 25നു നടക്കുന്ന ചടങ്ങുകള്‍ പരിശോധിക്കാന്‍ അഡ്വ. ശ്രീലാല്‍ വാര്യരെ കോടതി നിരീക്ഷകനായി നിയമിച്ചു.
25നു നടക്കുന്ന പ്രാര്‍ഥനകളില്‍ ഇരുവിഭാഗത്തു നിന്നും പത്തുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക്‌ പ്രവേശനം അനുവദിക്കാനും രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനും ഉച്ചയ്‌ക്ക്‌ ഒന്നിനും െവെകിട്ട്‌ അഞ്ചിനുമിടക്ക്‌ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിനും പ്രാര്‍ഥന നടത്താനാണ്‌ അനുമതി.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ്‌ ശക്‌തമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.
കടപ്പാടു്: മംഗളം, 2013 ജനുവരി 24
തൃക്കുന്നത്ത് സെമിനാരി : യാക്കോബായ വിഭാഗം വ്യവസ്ഥകള്‍ ലംഘിച്ചതായി ഹൈക്കോടതി പരാമര്‍ശം

ആലുവ : തൃക്കുന്നത്ത് സെമിനാരിയില്‍ 2012-ലെ പരുന്നാള്‍ നടത്തിപ്പ് സംബന്ധിച്ച് അധികാരികളുടെ മുമ്പാകെ സമ്മതിച്ച് ഒപ്പ് വച്ച വ്യവസ്ഥകള്‍ യാക്കോബായ വിഭാഗം ലംഘിച്ചതായി ബഹു.ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. വ്യവസ്തകള്‍ ലംഘിച്ച് കുര്‍ബ്ബാന ചൊല്ലാന്‍ ശ്രമിച്ചതും, അംശവസ്ത്രങ്ങള്‍ കടത്തികൊണ്ട് വന്ന് ധരിച്ചതും, മൊബൈല്‍ ഫോണ്‍, വീഡിയോ ക്യാമറ എന്നിവ ഉപയോഗിച്ചതും നിയമലംഘനമാണെന്ന് ഹൈകോടതി ഉത്തരവില്‍ എടുത്തുപറയുന്നു. കബറിങ്കല്‍ 25-ന് ഇരുവിഭാഗം വിശ്വാസികള്‍ക്കും ധൂപപ്രാര്‍ത്ഥന നടത്താന്‍ സമയക്രമം നിര്‍ദ്ദേശിച്ച ഹൈകോടതി നിരീക്ഷണത്തിനായി അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷിക കമ്മീഷനായി നിയമിച്ചു. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്ട്രോണിക്ക് സാമഗ്രികളും കുര്‍ബ്ബാന വസ്ത്രവും അകത്തുകടത്തെരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. എത്ര ഉന്നതരായാലും ആരും നിയമത്തിന് അതീതരല്ലെന്നും, കോടതി ഉത്തരവു ലംഘിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
കടപ്പാടു് കാതോലിക്കേറ്റ് ന്യൂസ്

വിധിയുടെ പൂര്‍ണ്ണരൂപം വായിക്കുക


തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍


ആലുവ- പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെയും അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യരായ അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറീലോസ്, കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൌലോസ് മാര്‍ പക്കോമിയോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ് എന്നീ പിതാക്കന്മാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ തൃക്കുന്നത്ത് സെമിനാരിയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും.

പെരുന്നാളിന്റെ പ്രധാന ദിവസമായ 25-ാം തീയതി വെള്ളിയാഴ്ച ഏഴുമണിക്ക് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനവും, കൂനന്‍കുരിശുസത്യത്തിന്റെ 360-ാം വാര്‍ഷികവും നടക്കും. അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജസ്സന്‍ വറുഗ്ഗീസ്, എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംബന്ധിക്കും.
പ്രോഗ്രാം നോട്ടീസ് ഇവിടെ

തൃക്കുന്നത്ത്‌ പള്ളി: ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ ആരാധനയ്ക്ക്‌ അനുമതി


ആലുവ: തര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത്‌ സെമിനാരി പള്ളി ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ ആരാധനയ്ക്കായി തുറക്കും. രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്സ്‌ വിഭാഗവും ഉച്ചയ്ക്ക്‌ ഒന്നുമുതല്‍ അഞ്ച്‌ വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും. വെള്ളി, ശനി ദിവസമാണ്‌ തൃക്കുന്നത്ത്‌ പള്ളി ആരാധനയ്ക്കായി തുറക്കുന്നത്‌.
തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 2008 മുതല്‍ ഓര്‍മ്മപ്പെരുന്നാള്‍ കാലയളവില്‍ ഇരുവിഭാഗങ്ങള്‍ക്കും ആരാധനയ്ക്കായി പ്രത്യേക സമയം അനുവദിച്ച്‌ നല്‍കിവരുന്നുണ്ട്‌. ഈ ദിവസങ്ങളില്‍ പത്ത്‌ പേരില്‍ കൂടുതല്‍ ഒരേസമയം ആരാധനയ്ക്കായി പള്ളിയില്‍ കയറാന്‍ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച തീരുമാനങ്ങളില്‍ യാതൊരു വീഴ്ചയും ഉണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. കഴിഞ്ഞദിവസം കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീതിന്റെ ക്യാമ്പ്‌ ഓഫീസില്‍ ഇരുകൂട്ടരേയും ചര്‍ച്ചക്കായി വിളിച്ചിരുന്നു.
എന്നാല്‍ ഓര്‍ത്തഡോക്സ്‌ സഭ ചര്‍ച്ചയ്ക്ക്‌ എത്തിയില്ല. കഴിഞ്ഞവര്‍ഷം കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം യാക്കോബായ വിഭാഗക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ചാണ്‌ ഓര്‍ത്തഡോക്സ്‌ സഭ ചര്‍ച്ചക്കെത്താതിരുന്നത്‌. അതേസമയം തങ്ങള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന സമയത്ത്‌ പൂര്‍ണമായ ആരാധന സ്വാതന്ത്ര്യം നല്‍കണമെന്ന്‌ യാക്കോബായ വിഭാഗക്കാര്‍ കളക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ജന്മഭൂമി


ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: ഓര്‍ത്തഡോക്‌സ് സഭ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി


കുറുപ്പംപടി, ജനു 11: സഭാ തര്‍ക്കം നിലനില്‍ക്കുന്ന ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ്, തോമസ് പോള്‍ റമ്പാന്‍, ഫാ. കെ.വി. തരിയന്‍, ഫാ. യാക്കോബ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതേസമയം, കോടതി അനുവദിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് ചെയ്തുവരുന്നതെന്നും അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പാത്രിയാര്‍ക്കീസ് വിഭാഗം പറയുന്നു. ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി, കോടതിവിധി ലംഘിക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു.

ഇല്ലാത്ത അവകാശവാദം ഉപേക്ഷിക്കണം: ഓര്‍ത്തഡോക്‌സ് സഭ


കോട്ടയം, Wednesday, January 2, 2013 : പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ യാതൊരു അവകാശവുമില്ലാത്ത ആലുവ തൃക്കുന്നത്ത്‌ സെമിനാരി ചാപ്പലില്‍ ആരാധനയ്‌ക്ക് അവസരം നല്‍കണമെന്ന ആവശ്യത്തിന്‌ യാതൊരു നീതീകരണവുമില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌.

അവിടെ തങ്ങളുടെ അവകാശവാദം സ്‌ഥാപിക്കുന്നതിനുവേണ്ടി അവര്‍ തന്നെ കൊടുത്ത കേസിന്റെ വിധിയില്‍ ഈ ചാപ്പല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്റെ ഉടമസ്‌ഥതയിലുള്ളതാണെന്ന്‌ വ്യക്‌തമാക്കിയിട്ടുളളതാണ്‌.

2006 മുതല്‍ ഈ പളളിയെ സംബന്ധിച്ച്‌ ഉണ്ടായിട്ടുളള ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകളും അധികാരികളുടെ തീര്‍പ്പുകളും.കീഴ്‌വഴക്കവും സംബന്ധിച്ച്‌ പളളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന്‌ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ അനുമതി നല്‍കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി 25,26 തീയതികളിലെ പെരുന്നാള്‍ നടത്തിപ്പ്‌ സംബന്ധിച്ച്‌ ജില്ലാ ഭരണകൂടം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം ഏകപക്ഷീയമായി ലംഘിക്കുകയും ഉത്തരവ്‌ പുറപ്പെടുവിച്ച ജില്ലാ ഭരണകടം തന്നെ നിയമ ലംഘനത്തിന്‌ കൂട്ടുനില്‍ക്കുകയുമാണ്‌ ചെയ്‌തത്‌.

വിശുദ്ധ വസ്‌ത്രം ധരിക്കരുതെന്ന ഉത്തരവ്‌ ലംഘിച്ചാണ്‌ 12 മിനിട്ടില്‍ കുര്‍ബാന അര്‍പ്പിച്ചെന്ന്‌ പാത്രിയര്‍ക്കീസ്‌ വിഭാഗം പ്രചരിപ്പിച്ചത്‌. ദൈവത്തെയും മനുഷ്യരെയും കബളിപ്പിക്കുന്ന കാര്യങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം തൃക്കുന്നത്ത്‌ സെമിനാരിയില്‍ അരങ്ങേറിയത്‌. ഇത്‌ ഇനി അനുവദിക്കില്ലെന്നും വൈദിക ട്രസ്‌റ്റി പ്രസ്‌താവനയില്‍ പറഞ്ഞു.

കടപ്പാടു് മംഗളം ദിനപ്പത്രം

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.