ഈ ലേഖയില്‍‍ തിരയുക

കോടതി വിധി നടപ്പാക്കണം : ഓര്‍ത്തഡോക്സ് സഭ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ പത്രമ്മേളനം


19 മാര്‍ച്ച് 2013

മലങ്കര സഭാതര്‍ക്കം അടിസ്ഥാന വസ്തുതകള്‍
യാക്കോബായ സുറിയാനി ക്രിസ്ത്യാനി നേതൃത്വം സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയും, സമുദായ രാഷ്ട്രീയ നേതാക്കളെ തെറ്റിദ്ധരിപ്പി ക്കുകയും, അക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിന്റേയും, രാഷ്ട്രീയ സമുദായിക പ്രസ്ഥാനങ്ങളുടേയും, മാധ്യമങ്ങളുടേയും മുമ്പാകെ ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു.


1. ഇന്ന് മലങ്കര സഭയില്‍ കക്ഷി വഴക്കില്ല. കാരണം 1995-ല്‍ സുപ്രീം കോടതി വിധി വരുകയും, ബഹു:സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ മലങ്കര അസ്സോസിയേഷന്‍ കൂടി സഭ യോജിക്കുകയും ചെയ്ത ശേഷം മലങ്കര സഭയില്‍ കക്ഷി വഴക്ക് അവസാനിച്ചു. എന്നാല്‍ 2002-ല്‍ മുന്‍ പാത്രയാര്‍ക്കിസ് വിഭാഗത്തിലെ ചില മെത്രാന്‍മാര്‍ ചേര്‍ന്ന് കോടതി വിധി നിരാകരിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ പുത്തന്‍കുരിശു കേന്ദ്രമാക്കി പുതിയ സഭ രജിസ്റര്‍ ചെയ്തു. കോടതിവിധി ലംഘിച്ച് മലങ്കര സഭയില്‍ നിന്ന് പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക് പഴയ സഭയുടെ പൈതൃകം, നാമം, സ്വത്തുക്കള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിയമപരമായ അവകാശം നഷ്ടപ്പെട്ടു. മലങ്കര സഭയില്‍ കക്ഷി ഭിന്നതയില്ല. മലങ്കരസഭയ്ക്കു പുറത്തുനില്‍ക്കുന്ന മറ്റൊരു സഭയാണ് ഇന്നത്തെ യാക്കോബായ ക്രിസ്ത്യാനി സഭ എന്ന കാര്യം എല്ലാവരും മനസ്സിലാക്കണം.
2. സുപ്രീം കോടതിയുടെ 1995-ലെ വിധിയ്ക്കുശേഷം ഉണ്ടായ വ്യവഹാരങ്ങളില്‍ ഒന്നില്‍പോലും പുതിയതായി രൂപം കൊണ്ട യാക്കോബായ സഭയ്ക്ക് മലങ്കര സഭയുടെ പള്ളികളിലോ സ്ഥാപനങ്ങളിലോ യാതൊരുവിധമായ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഏതെങ്കിലും വ്യവഹാരത്തില്‍ യാക്കോബായ ക്രിസ്ത്യാനിസഭയുടെ അവകാശം സ്ഥാപിച്ചു കിട്ടിയിട്ടുണ്ട് എങ്കില്‍ ആയത് നടത്തികൊടുക്കുവാന്‍ സര്‍ക്കാരിനോട് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നു.
3. കോലഞ്ചേരി പള്ളി കേസിലും, മൂവാറ്റുപുഴ അരമന പള്ളി കേസിലും, കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിക്കേസിലും, കത്തിപ്പാറ സെന്റ് ജോര്‍ജ്ജ് പള്ളി കേസിലും സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ വ്യക്തമായ കോടതി ഉത്തരവ് ഉണ്ടായി. 1995-ലെ വിധിക്കുശേഷം അവയെല്ലാം 1934-ലെ ഓര്‍ത്തഡോക്സ് സഭ ഭരണഘടനയ്ക്കു വിധേയമായിരിക്കും. അടുത്ത കാലത്തു വന്ന പിറവം പള്ളി സസംബന്ധിച്ച കേസിലും കോടതി ഇതുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
4. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു എന്നാണ് യാക്കോബായ ക്രസ്ത്യാനിസഭയുടെ സര്‍ക്കാരിനെതിരെയുള്ള ആരോപണം. ഓര്‍ത്തഡോക്സ് സഭയുടെ ആക്ഷേപവും ഇതുതന്നെയാണ്. ഇരുകൂട്ടരുടേയും ആവശ്യം പരിഗണിച്ച് കോടതി വിധികള്‍ പരിശോധിച്ച് യാതൊരു പക്ഷാനുകൂല്യവും കാണിക്കാതെ നിക്പക്ഷമായി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ നട്ടെല്ലും നീതിബോധവും പ്രകടിപ്പിക്കുകയാണ് വേണ്ടത്.
5. നീതിന്യായ കോടതി വഴി തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാതെ വന്നപ്പോള്‍ അക്രമം അഴിച്ചുവിട്ട് കോടതി വിധിപ്രകാരം ഓര്‍ത്തഡോക്സ് സഭയുടെപള്ളികള്‍ യാക്കോബായ സഭക്കാര്‍ പൂട്ടിക്കുകയാണ് ഉണ്ടായത്. കോലഞ്ചേരി, മാമലശ്ശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, ഇടുക്കി തുടങ്ങിയ പള്ളികള്‍ ഇപ്രകാരം പൂട്ടിയവയാണ്. ഇവ പൂട്ടിയ അവസ്ഥയില്‍ എന്തു സ്ഥിതിയായിരുന്നു എന്ന് രേഖകള്‍ പരിശോധിച്ച് ആ സ്ഥിതി നിലനിര്‍ത്തി പള്ളി തുറക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. നിയമപരമായി അവ നഷ്ടപ്പെട്ടപ്പോള്‍ അക്രമവും ഗുണ്ടായിസവും അഴിച്ചുവിട്ട് പള്ളി പൂട്ടിച്ചത് ആരാണ് എന്ന് അപ്പോള്‍ വ്യക്തമാകും. അധികാരികളുടെ സഹായത്തോടെ ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പള്ളി പൂട്ടല്‍. പൂട്ടിക്കാനായി അക്രമം അഴിച്ചുവിട്ടവര്‍ തന്നെ പള്ളികള്‍ തുറക്കാനായി സമരം ചെയ്യുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ് എന്നുള്ളതിന് സംശയിക്കേണ്ടതില്ലല്ലോ.
6. കോടതി വിധി അനുസരിച്ച് സഭയില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കാതെ സഭയ്ക്കു പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക് എന്ത് അവകാശം ആണ് സഭ നല്‍കേണ്ടത് എന്ന് രാഷ്ട്രീയ സമുദായിക നേതാക്കന്‍മാര്‍ നിഷ്പക്ഷമായി വിശദീകരിക്കേണ്ടതാണ്. നിങ്ങളുടെ പ്രസ്ഥാനങ്ങളില്‍ നിന്ന് പിളര്‍പ്പുണ്ടാക്കി പുറത്തുപോയി നിയമവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ വര്‍ക്ക് എന്ത് അവകാശമാണ് നിങ്ങള്‍ നല്‍കിയിട്ടുള്ളത് എന്ന് ചിന്തിക്കുക. സഭാപ്രശ്നം സംബന്ധിച്ച് അഭിപ്രായങ്ങള്‍ പൊതു സമൂഹത്തില്‍ ഉണ്ടാവുന്നത് സഭ എന്നും സ്വാഗതം ചെയ്യും. എന്നാല്‍ പ്രസ്താവനകള്‍ വസ്തുനിഷ്ഠവും നീതിപൂര്‍വ്വവും ആയിരിക്കണം എന്നു മാത്രം.
7. കേരള മന്ത്രിസഭയിലെ മന്ത്രി ശ്രീ. അനൂപ് ജേക്കബ്ബ് യാക്കോബായ ക്രസ്ത്യാനി സഭയുടെ വിശ്വസ്ഥ സഭാംഗം എന്ന കീര്‍ത്തി മുദ്ര വാങ്ങിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ നീതിപൂര്‍വ്വമല്ലാത്ത ഇടപെടലുകള്‍ പള്ളി പൂട്ടിക്കുന്നതിലേയ്ക്കും കോടതി വിധികള്‍ അട്ടിമറിക്കുന്നതിലേയ്ക്കും എത്തിയിട്ടുണ്ട് എന്നുള്ളത് നിഷേധിക്കാന്‍ പറ്റാത്ത വസ്തുതയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച മന്ത്രി വീണ്ടും പള്ളി തുറക്കുന്നതിനും സഭാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉള്ള മദ്ധ്യസ്ഥനായി അവതരിക്കുന്നത് സഭ ഒരിക്കലും അംഗീകരിക്കുകയില്ല. ബഹു: മന്ത്രി സഭാ തര്‍ക്കത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കണം.
8. പള്ളികള്‍ തോറും അക്രമം അഴിച്ചുവിടുകയും കൊലപാതകങ്ങള്‍ (ഉദാ:മലങ്കര വറുഗീസ് കൊലപാതകം) നടത്തിക്കുകയും ചെയ്ത് പൊതു ജീവിതം തകര്‍ക്കുകയും, മതസൌഹാര്‍ദ്ദവവും, നിയമവിരുദ്ധ സംഘര്‍ഷങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന യാക്കോബായ സഭയെ സര്‍ക്കാര്‍ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കാതെ നിയമവിധേയമാക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കോടതി വിധികളെ അട്ടിമറിക്കുന്ന തീവ്രവാദ മതപ്രസ്ഥാനത്തെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എങ്കില്‍ അത് ഈ നാടിന്റെ ജനാധിപത്യ വ്യവസ്ഥകളോടും, മൂല്യങ്ങളോടും സ്ഥാപനങ്ങലോടും ചെയ്യുന്ന വലിയ പാതകമായിരിക്കും. കൂടാതെ നിയമത്തിനും കോടതി വിധികള്‍ക്കും എക്കാലത്തും വില നല്‍കുന്ന ഓര്‍ത്തഡോക്സ് സഭയോട് കാണിക്കുന്ന കടുത്ത വഞ്ചനയുമായിരിക്കും.
കാതോലിക്കേറ്റ് അരമന

ഫോട്ടോ കാതോലിക്കേറ്റ് അരമന

കൂടുതല്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

കോടതി വിധി നടപ്പാക്കണമെന്നുതന്നെ ആവശ്യം: കാതോലിക്കാ ബാവാ


സ്വന്തം ലേഖകന്‍, മലയാളമനോരമ

ഫോട്ടോ കാതോലിക്കേറ്റ് അരമന
കോട്ടയം: യാക്കോബായ സഭയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കാതെ നിയമ വിധേയമാക്കുകയാണ്‌സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ. യാക്കോബായ സഭാ നേതൃത്വം സത്യവിരുദ്ധമായ പ്രസ്‌താവനകളിലൂടെ സാമുദായിക-രാഷ്‌ട്രീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നതായി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

കോലഞ്ചേരി പള്ളിക്കേസിലും മൂവാറ്റുപുഴ അരമനപ്പള്ളിക്കേസിലും കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിക്കേസിലും കത്തിപ്പാറ സെന്റ്‌ ജോര്‍ജ്‌ പള്ളിക്കേസിലും സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ വ്യക്‌തമായ കോടതി ഉത്തരവുണ്ടായി. 1995ലെ വിധിക്കുശേഷം അവയെല്ലാം 1934ലെ ഓര്‍ത്തഡോക്‌സ്‌ സഭാ ഭരണഘടനയ്‌ക്ക്‌ വിധേയമായിട്ടായിരിക്കും ഭരിക്കപ്പെടേണ്ടത്‌. അടുത്തകാലത്തുവന്ന പിറവം പള്ളിക്കേസിലും കോടതി ഇതുതന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്ന്‌ കാതോലിക്കാ ബാവാ പറഞ്ഞു.

കോടതി വിധി നടപ്പാക്കിത്തരണമെന്നാണ്‌ യാക്കോബായ സഭയും സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നതെന്നാണ്‌ മനസ്സിലാക്കുന്നത്‌. അതാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയും വര്‍ഷങ്ങളായി അഭ്യര്‍ഥിക്കുന്നത്‌. യാക്കോബായ സഭയും ഇക്കാര്യം ആവശ്യപ്പെട്ട സ്‌ഥിതിക്ക്‌ എത്രയും പെട്ടെന്ന്‌ കോടതിവിധികള്‍ നിഷ്‌പക്ഷമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീതിബോധം കാണിക്കണമെന്നും അതാണ്‌ പ്രശ്‌നത്തിന്‌ പരിഹാരമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

കോടതികള്‍ വഴി ആവശ്യം സാധിച്ചുകിട്ടാതെ വന്നപ്പോള്‍ അക്രമം അഴിച്ചുവിട്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികള്‍ യാക്കോബായ സഭക്കാര്‍ പൂട്ടിക്കുകയായിരുന്നുവെന്ന്‌ കാതോലിക്കാ ബാവാ ആരോപിച്ചു. പൂട്ടിക്കാനായി അക്രമം അഴിച്ചുവിട്ടവര്‍ തന്നെ തുറക്കാനായി സമരം ചെയ്യുന്നത്‌ ഗൂഢലക്ഷ്യത്തോടെയാണ്‌. കോടതിവിധി അനുസരിച്ച്‌ സഭയില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കാതെ പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക്‌ എന്ത്‌ അവകാശത്തിനാണ്‌ സഭയില്‍ അര്‍ഹതയെന്ന്‌ സാമുദായിക -രാഷ്‌ട്രീയ നേതാക്കള്‍ വിലയിരുത്തണമെന്ന്‌ ബാവാ പറഞ്ഞു.

മന്ത്രി അനൂപ്‌ ജേക്കബ്‌ യാക്കോബായ സഭയുടെ വിശ്വസ്‌ത സഭാംഗം എന്ന കീര്‍ത്തിമുദ്ര വാങ്ങിയ ആളാണെന്നും അദ്ദേഹത്തിന്റെ നീതിപൂര്‍വമല്ലാത്ത ഇടപെടലുകള്‍ പള്ളി പൂട്ടിക്കുന്നതിലേക്കും കോടതിവിധി അട്ടിമറിക്കുന്നതിലേക്കും എത്തിച്ചതായും സഭാ നേതൃത്വം കുറ്റപ്പെടുത്തി. ഈ മന്ത്രി വീണ്ടും സഭാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ മധ്യസ്‌ഥനായി അവതരിക്കുന്നത്‌ അംഗീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കി.

പള്ളികളില്‍ അക്രമം നടത്തുകയും കൊലപാതകങ്ങള്‍ വരെ നടത്തിക്കുകയും ചെയ്‌ത്‌ നിയമവിരുദ്ധ സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്ന യാക്കോബായ സഭയെ നിയമത്തിന്‌ വിധേയമാക്കിയില്ലെങ്കില്‍ നാടിന്റെ ജനാധിപത്യവ്യവസ്‌ഥയോട്‌ സര്‍ക്കാര്‍ ചെയ്യുന്ന വലിയ പാതകമായിരിക്കുമെന്നും സഭാ സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ്‌, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവര്‍ കുറ്റപ്പെടുത്തി.
മലയാളമനോരമ 2013 മാര്‍ച്ച് 20


മലങ്കര സഭാതര്‍ക്കം ആധ്യാത്മികതയുടെ അതിരുകള്‍ ലംഘിക്കില്ല; കോടതിവിധി നടപ്പാക്കണം: ഓര്‍ത്തഡോക്‌സ് സഭ
മാതൃഭൂമി

കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തില്‍ ആധ്യാത്മികതയുടെ അതിരുകള്‍ ലംഘിക്കില്ലെന്നും കോടതിവിധി നടപ്പാക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏകപോംവഴിയെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി ലഭിക്കാത്തതിനാല്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ദുഃഖിതരാണ്. ഭൗതികശക്തികള്‍ സഭയെ ഉപദ്രവിക്കുന്നു. യാക്കോബായസഭയുടെ ചില നിലപാടുകള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കഴിയില്ല. പള്ളികള്‍ പൂട്ടിക്കിടക്കുന്നത് ഓര്‍ത്തഡോക്‌സ് സഭയുടെ ശൈലിയല്ല. പൂട്ടിയ പള്ളികള്‍ അര്‍ഹതയുള്ളവര്‍ക്ക് തുറന്നുകൊടുക്കണം. ഒരുവിഭാഗംമാത്രം പറയുന്നതുകേട്ട് തുറന്നുകൊടുക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. തര്‍ക്കമുള്ളിടത്ത് നിയമപരമായ വഴികളിലൂടെ സമാധാനം ഉണ്ടാക്കണം-കാതോലിക്കാബാവ ആവശ്യപ്പെട്ടു.

മന്ത്രിതല സമാധാനചര്‍ച്ചകളില്‍ ഓര്‍ത്തഡോക്‌സ് സഭ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി അനൂപ് ജേക്കബിന്റെ മധ്യസ്ഥത സ്വീകാര്യമല്ല. എറണാകുളത്തെ ഭരണകൂടം അനീതിക്ക് കൂട്ടുനില്‍ക്കുന്നു. സര്‍ക്കാരില്‍നിന്ന് നീതി കിട്ടാതെവരുമ്പോള്‍ സഭ അഭിപ്രായം പറയും -ബാവ പറഞ്ഞു.

ഇരുവിഭാഗവും കോടതിവിധി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ ആരോടും ചോദിക്കാതെ സര്‍ക്കാരിന് കോടതിവിധി നടപ്പാക്കാം. ജുഡീഷ്യറിയെ ആദരിക്കുന്ന സര്‍ക്കാരിന് ഇതിനുള്ള ബാധ്യതയുണ്ട്. യാക്കോബായസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സഭാപ്രശ്‌നത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാംഗമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. എന്താണ് കാരണമെന്നറിയില്ല -കാതോലിക്കാബാവ പറഞ്ഞു.

യാക്കോബായ വിഭാഗം മറ്റു സമുദായനേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതരസമുദായങ്ങളുമായി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്ല ബന്ധമാണുള്ളത്. അക്രമമാര്‍ഗങ്ങളിലൂടെ കാര്യങ്ങള്‍ നേടാനാണ് യാക്കോബായവിഭാഗം ശ്രമിക്കുന്നതെന്നും ബാവ കുറ്റപ്പെടുത്തി.

പത്രസമ്മേളനത്തില്‍ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ്, കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, വൈദികട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം എന്നിവരും പങ്കെടുത്തു.
മാതൃഭൂമി 2013 മാര്‍ച്ച് 20



അക്രമത്തിന്റെ മാര്‍ഗം വെടിഞ്ഞാലെ സമാധാനമുണ്ടാകൂ : ഓര്‍ത്തഡോക്സ് സഭ


പാത്രിയര്‍ക്കീസ് വിഭാഗം അക്രമത്തിന്റെ യും നീതിനിഷേധത്തിന്റെയും മാര്‍ഗം ഉപേക്ഷിച്ചാല്‍ മാത്രമേ മലങ്കര സഭാതര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ എന്ന് വൈദീകട്രസ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് പ്രസ്താവിച്ചു. എല്ലാ പള്ളികളും എപ്പോഴും ആരാധയ്ക്കായി തുറന്നിരിക്കണം എന്നു തന്നെയാണ് സഭയുടെ ആവശ്യം. എന്നാല്‍ അത് അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടും നീതി നിഷേധിച്ചുകൊണ്ടും ആകരുത്. 2001-ല്‍ സ്വന്തമായി പുതിയ ഭരണഘടന അംഗീകരിച്ച് വിഘടിച്ചു പോയ. പാത്രിയര്‍ക്കീസ് വിഭാഗം ഓര്‍ത്തഡോക്സ് സഭയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലിരുന്ന മാമ്മലശേരി, വെട്ടിത്തറ മുതലായപള്ളികളില്‍ അക്രമം അഴിച്ചുവിട്ട് പള്ളികള്‍ പൂട്ടിച്ചശേഷം ഇരുവിഭാഗത്തിനും ഊഴം വച്ച് പള്ളി തുറക്കണമെന്ന വാദത്തിന് യാതൊരുന്യായികരണവുമില്ല. പള്ളികള്‍ പൂട്ടുന്നതിനു മുന്‍പുള്ള സ്റാറ്റസ്ക്കോ പുനസ്ഥാപിച്ചുകൊണ്ട് പള്ളിതുറക്കുകയാണണ് ന്യായമായി നടപ്പാക്കേണ്ടത്. പൂട്ടിക്കിടക്കുന്ന പള്ളികളെല്ലാം പാത്രിയര്‍ക്കീസ് വിഭാഗത്തിന്റതാണെന്ന നിലപാടുതന്നെ സത്യവിരുദ്ധമാണ്. പള്ളികളുടെ ഉടമസ്ഥതയെസംബന്ധിച്ച് സുപ്രീംകോടതി ചില നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് പാത്രിയര്‍ക്കീസ് വിഭാഗം സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. എത്രയോ മദ്ധ്യസ്ഥന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ഒരു മന്ത്രിസഭാ ഉപസമിതിപോലും അനേകദിവസങ്ങള്‍ ചര്‍ച്ചയ്ക്ക മദ്ധ്യസ്ഥം വഹിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കടുംപിടുത്തം ഒന്നുകൊണ്ടുമാത്രമാണ് ചര്‍ച്ചകള്‍ വിജയം കാണാതിരുന്നത്. ജില്ലാ കളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഒന്നിലധികം പ്രാവശ്യം ജുഡീഷ്യല്‍ മീഡിയേഷനും ഓര്‍ത്തഡോക്സ് സഭ സഹകരിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗം എന്തു വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്ന് പ്രസ്താവിക്കുന്നതല്ലാതെ കാര്യത്തോടടുക്കുമ്പോള്‍ ഒരു ഒത്തുതീര്‍പ്പിനും സഹകരിക്കുന്നില്ല. ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായി പക്ഷപാദപരമായ യാതൊരു നിലപാടും ഗവണ്‍മമെന്റ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നീതി ഉറപ്പാക്കണമെന്നും, കോടതി വിധികള്‍ നടപ്പാക്കണമെന്നും മാത്രമാണ് സഭയുടെ ആവശ്യം. എല്ലാ സ്ഥലങ്ങളിലും കോടതിവിധികള്‍ നടപ്പാക്കാന്‍ ഗവവണ്‍മെന്റ് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ല എന്ന ദുഖം സഭയ്ക്കുണ്ട്. കോടതിവിധികളെ ബഹുമാനിക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്തെ ഗവണ്‍മെന്റ് പാലിക്കേണ്ട മിനിമം കാര്യമാണ്.
Published: Monday, 18 March 2013
http://catholicatenews.in/catagories/item/653-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%82-%E0%B4%B5%E0%B5%86%E0%B4%9F%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86-%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%82-%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B4%AD

കഷ്ടതകളും പ്രയാസങ്ങളും ദൈവസമക്ഷത്തിലുള്ള മഹത്വീകരണം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്


കൂത്താട്ടുകുളം, മാര്‍‍ച്ച് 7: പീഢയനുഭവിയ്ക്കുന്ന സമൂഹത്തിലൂടെയാണു് രക്ഷയും വീണ്ടെടുപ്പും സംഭവിയ്ക്കുന്നതെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിമൂന്നാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം (ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) മാര്‍‍ച്ച് ആറിനു് ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എളുപ്പമുള്ള ജീവിതം കര്‍ത്താവു് വാഗ്ദാനം ചെയ്തിട്ടില്ല. പീഢകളും അവഹേളനങ്ങളും ഏറ്റുവാങ്ങുന്നതു് ക്രിസ്തീയവിളിയുടെ ഭാഗമാണെന്നു് തിരിച്ചറിയുന്നതിലാണു് വിശ്വാസി സമൂഹത്തിന്റെ നിലനില്പു്. അനീതി നിറഞ്ഞലോകത്തു് നീതിയ്ക്കും ശരിയ്ക്കും വേണ്ടി നിലകൊള്ളുന്ന മനുഷ്യന്‍ അനുഭവിയ്ക്കുന്ന പീഢകളും വേദനകളുമാണു് ജീവിതത്തിനു് അര്‍ത്ഥം ഉണ്ടാക്കുന്നതു്. വേദപുസ്തകസത്യങ്ങള്‍ ഓരോകാലത്തുമുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനും കാലികമാക്കുന്നതിനുമാണു് സുവിശേഷ യോഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന്റെ വഴിയറിയാന്‍ കാത്തിരുന്നു നോക്കണമെന്നും പിന്തിരിഞ്ഞുനോക്കിയാലേ ദൈവത്തിന്റെ പദ്ധതിയെന്തായിരുന്നുവെന്നു് മനസ്സിലാകൂ എന്നും തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ. മോഹന്‍ ജോസഫ് (കോട്ടയം ഏലിയാ കത്തീഡ്രല്‍) പറഞ്ഞു.

ഇന്നു് മാര്‍‍ച്ച് 7 വ്യാഴാഴ്ച ഫാ. റവ. ഡോ. റെജി മാത്യുവും(കോട്ടയം വൈദീക സെമിനാരി ) നാളെ വെള്ളിയാഴ്ച റവ. ഡോ. ഒ. തോമസും മാര്‍ച്ച് 9 ശനിയാഴ്ച ഫാ ഏലിയാസ് ചെറുകാടും 10 ഞായറാഴ്ച ഫാ. നൈനാന്‍ കെ ജോര്‍ജും (കോട്ടയം വൈദീക സെമിനാരി ) വചനശുശ്രൂഷ നടത്തും.

ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്കോപ്പ, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ഷിബുകുര്യന്‍, ഫാ. പൗലോസ് സ്കറിയ, ജോസഫ് ജോര്‍ജ് കളത്തില്‍, മത്തായി ഏറമ്പടം, സണ്ണി കുടിയിരിയ്ക്കല്‍, ജോണ്‍സന്‍ കൊറ്റഞ്ചിറയില്‍ ‍ജിതിന്‍ കൊച്ചുപാറയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനശുശ്രൂഷ ചെയ്യുന്നതു്.


പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.